
ന്യൂഡൽഹി: സി.വി. ആനന്ദബോസിന്റെ ചില നടപടികളോടുള്ള പശ്ചിമ ബംഗാൾ ബി.ജെ.പി, ആർ.എസ്.എസ് ഘടകത്തിന്റെ എതിർപ്പാണ് ഗവർണർ സ്ഥാനത്തു നിന്നുള്ള അപ്രതീക്ഷിത രാജിക്ക് വഴിതെളിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനൊപ്പം നിന്നതോടെ രാജി അനിവാര്യമായി.
മമതാബാനർജിയോട് കലഹിച്ചും സൗഹൃദം പുലർത്തിയും ഗവർണർ നടത്തിയ ഇടപെടലുകളെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ്. സംസ്ഥാന സർക്കാർ പിന്തുണയോടെ നടന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരാൻ ഗവർണർ നേരിട്ട് നടത്തിയ നീക്കങ്ങളും അതിന്റെ ഭാഗമായിരുന്നു. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും ഇതറിയാമായിരുന്നു. എന്നാൽ ഗവർണർ തങ്ങളോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയുമാണ് പലതും നടപ്പാക്കുന്നതെന്ന് സംസ്ഥാന ഘടകം പരാതിപ്പെട്ടു. സർവകലാശാലകളിൽ യോഗ്യത ഇല്ലാത്ത ചിലരെ കൊണ്ടുവരാനുള്ള നീക്കം ഗവർണർ തടഞ്ഞതും ബി.ജെ.പി ഘടകത്തെ ചൊടിപ്പിച്ചു. പശ്ചിമ ബംഗാളിൽ അധികാരത്തിലേറാനുള്ള മാസ്റ്റർ പ്ളാൻ നടപ്പാക്കാൻ ഈ ഭിന്നത തടസമാകുമെന്ന് കേന്ദ്ര നേതൃത്വം കണക്കുകൂട്ടി. അമിത്ഷാ ഇടപെട്ട് രാജി ആവശ്യപ്പെടുകയായിരുന്നു.രാജിക്കത്ത് നൽകിയ ശേഷം ഡൽഹിയിൽ തുടരുന്ന ആനന്ദബോസ് നോയിഡയിലെ സ്വന്തം വസതിയിലേക്ക് മാറുമെന്നാണ് സൂചന.
പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്‌ദീപ് ധൻകറിന്റെ ഗതിയാണ് ആനന്ദബോസിനുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് കളിയാക്കി.
മറ്റുപദവി നൽകിയേക്കും
അതൃപ്തിയോടെയാണ് ആനന്ദബോസ് രാജിക്കത്ത് നൽകിയത്. കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉന്നത പദവിയിൽ നിന്ന് മലയാളിയെ പുറത്താക്കി അപ്രീതി സമ്പാദിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതിനാൽ മറ്റുപദവി നൽകി അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. രാജി ആരോഗ്യകാരണങ്ങൾ മൂലമെന്നാണ് പാർട്ടി വിശദീകരണം.
ഇനി പ്രവർത്തനം കേരളത്തിൽ
ന്യൂഡൽഹി: വികസിത ഭാരത ലക്ഷ്യം കൈവരിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ മാർഗനിർദ്ദേശ പ്രകാരം കേരളത്തിൽ പ്രവർത്തിക്കുമെന്ന് സി.വി. ആനന്ദബോസ്. പശ്ചിമ ബംഗാൾ ഗവർണറുടെ ഔദ്യോഗിക സമൂഹ മാദ്ധ്യമ ഹാൻഡിൽ വഴി രാജിക്കുശേഷമുള്ള ആദ്യപ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂർണരൂപം: പശ്ചിമ ബംഗാളിലെ എന്റെ ഇന്നിംഗ്സ് അവസാനിക്കുകയാണ്. ബംഗാളിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും ആദരവിനും കടപ്പെട്ടിരിക്കുന്നു. കേരളത്തിലേക്ക് താമസം മാറുകയാണ്. വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കും. പുതിയ ദൗത്യം കേരളത്തിലെ ജനങ്ങളോടുള്ള ഉപകാര സ്മരണയായി ഏറ്റെടുക്കുന്നു. ജനങ്ങൾക്കൊപ്പം, ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച് കേരളത്തിന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പരമാവധി ശ്രമിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രിനരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ മാർഗനിർദേശങ്ങൾക്ക് നന്ദിയുള്ളവനാണ്. പുതിയ ഗവർണർ ആർ.എൻ. രവിക്ക് ആശംസകൾ നേരുന്നു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |