
വർക്കല: ആത്മീയതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ശിവഗിരി മഠത്തിൽ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സ്നേഹപൂർവമായ വരവേല്പ്. അദ്ദേഹത്തെ കാണാനും സ്വീകരിക്കാനും കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ശിവഗിരിയിലേക്ക് ഒഴുകിയെത്തി.ഇന്നലെ രാവിലെ 10.12ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനൊപ്പമാണ് പാപനാശം ഹെലിപാഡിൽ രാഹുൽ ഗാന്ധി എത്തിയത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി,കെ.പി.സി.സി വൈസ്‌പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ,അഡ്വ.കെ.ആർ.അനിൽകുമാർ, മുൻ എം.എൽ.എ വർക്കല കഹാർ,ഡോ.എസ്.എസ്.ലാൽ, ബി.ധനപാലൻ,അഡ്വ.ബി.ഷാലി,പി.എം.ബഷീർ,എം.എൻ.റോയി,റിയാസ് വേട്ടയ്‌ക്കാട്ടുകോണം തുടങ്ങിയവർ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. 10.22ന് ശിവഗിരിയിലെത്തി. മഠം ഗസ്റ്റ് ഹൗസിലെത്തി ധരിച്ചിരുന്ന പാന്റും ടീഷർട്ടും മാറ്റി ഖദർ പൈജാമയും കുർത്തയും ധരിച്ചാണ് മഹാസമാധിയിലേക്ക് പോയത്. തുടർന്ന് സന്യാസിവര്യർക്കൊപ്പം വൈദികമഠത്തിലും ശ്രീശാരദാമഠത്തിലും പ്രാർത്ഥന നടത്തി. വൈദിക മഠത്തിൽ ഗുരു-ഗാന്ധി ,ഗുരു- ടാഗോർ സമാഗമചിത്രങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.ശേഷം ശിവഗിരി ഗസ്റ്റ് ഹൗസിൽ സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി 11മണിയോടെ മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |