
ആലപ്പുഴ: അമ്പതോ നൂറോ വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന വികസനപദ്ധതികളാണ് ഇടതുസർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് പെരുമ്പളം പാലം. ഏത് സർക്കാർ ഭരിച്ചാലും ഇതൊക്കെ നടപ്പാവുകയില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. അങ്ങനെയല്ല എന്നത് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കേരളത്തിന്റെ അനുഭവത്തിലുള്ളതാണ്. 2016ന് മുമ്പുള്ള കേരളത്തിൽനമുക്ക് വലിയതോതിലുള്ള തിക്താനുഭവങ്ങളുണ്ട്. പ്രധാന വികസനപദ്ധതികളെല്ലാം സ്തംഭിച്ചുപോയൊരുകാലം. എന്റെ നാട് ഇങ്ങനെയായിപ്പോയി, ഒരു പദ്ധതിയും ഇവിടെ വരില്ല എന്നെല്ലാം ആളുകൾ ശപിച്ചുകഴിഞ്ഞിരുന്ന കാലം. അതിന്റെ തുടർച്ചയായാണ് 2016ൽ ഇടതു സർക്കാർ അധികാരത്തിൽ വരുന്നത്. തുടർന്ന് ശാപാന്തരീക്ഷമേ മാറിപ്പോയി. കടുത്ത നിരാശയിൽ കഴിഞ്ഞ ആളുകൾ നല്ല പ്രത്യാശയിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസനപദ്ധതികൾ നാടിനാവശ്യമാണ് എന്ന പ്രതിബദ്ധത സർക്കാരിന് വേണ്ടതിലധികം ഉള്ളതുകൊണ്ടാണ് വികസനം യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ പെരുമ്പളം പാലം ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുമായിരുന്നു എന്ന്
മന്ത്രി പറഞ്ഞു. ദലീമ ജോജോ എം.എൽ.എ സ്വാഗതം പറഞ്ഞു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടർ എം.അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി പി.പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, മുൻ എം.പി എ.എം.ആരിഫ് തുടങ്ങിയവർ മുഖ്യാതിഥികളായി.
അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും ബന്ധിപ്പിച്ചുള്ള പാലത്തിന് 1155.40 മീറ്റർ നീളമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |