
ന്യൂഡൽഹി: ഇറാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ആധുനിക ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം ഇലാഹി. സൗഹൃദത്തിന് 3,000 വർഷങ്ങൾ പഴക്കമുണ്ട്. ഇരു ജനതകളും സംസ്കാരം, നാഗരികത, തത്ത്വചിന്ത, ആത്മീയത എന്നിവ വഴി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ബന്ധം തുടരുമെന്ന് ഉറപ്പുണ്ട്.
യു.എസ്-ഇസ്രയേൽ ആക്രമണങ്ങളെ ഭയന്ന് ഇറാൻ കീഴടങ്ങില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യവും അന്തസും സംരക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ട്. ഇറാനെതിരെ നടക്കുന്നത് അന്യായ ആക്രമണമാണ്. യു.എസിന് ഒരിക്കലും സമാധാനം ഉറപ്പു നൽകാനാകില്ലെന്നും ഗൾഫിലെ അയൽ രാജ്യങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യം ആരും ആഗ്രഹിച്ചതല്ല. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഇറാനെ അന്യായമായി ആക്രമിച്ചതാണ്. ഞങ്ങളുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോരാടുകയാണ്. ബാഹ്യശക്തികൾക്ക് സ്ഥിരമായ ഒരു സുരക്ഷാ ഉറപ്പുനൽകാനാകില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും അയൽക്കാർ മനസിലാക്കണം. വാസ്തവത്തിൽ, ഇറാന്റെ ഭാവി മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ട്. വിദേശികൾക്ക് ഒരിക്കലും അവരെ സംരക്ഷിക്കാനാകില്ല. അമേരിക്ക കോടിക്കണക്കിന് ഡോളർ ഈടാക്കി ഗൾഫ് രാജ്യങ്ങളിൽ താവളങ്ങൾ സ്ഥാപിച്ചത് വെറുതെയായി. യു.എസ് സൈനിക വിന്ന്യാസത്തിനെതിരെ പ്രാദേശിക വികാരം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |