
ന്യൂഡൽഹി: ഡാർക്ക് വെബ് വഴി കേരളത്തിലുൾപ്പെടെ രാജ്യത്തിലുടനീളം ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയിൽ . ടീം കൽക്കി എന്നറിയപ്പെടുന്ന സംഘത്തെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മൂന്നുമാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനൊടുവിൽ പിടികൂടിയത്. സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരെയടക്കമാണ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വൻതോതിൽ എൽ.എസ്.ഡി, എം.ഡി.എം.എ, ചരസ് തുടങ്ങിയ മാരക ലഹരി വസ്തുക്കൾ എൻ.സി.ബി പിടിച്ചെടുത്തു.
ഡാർക്ക് വെബിലൂടെയും സെഷൻ എന്ന എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പ് വഴിയുമാണ് ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്കടക്കമുള്ള മാരക ലഹരിക്കടത്തിന് കൂടിയാണ് പിടിവീണത്. നെതർലാൻഡ്സ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഡാർക്ക് വെബിലെ രഹസ്യ പ്ലാറ്റ്ഫോമുകൾ വഴി ഓർഡറുകൾ സ്വീകരിച്ച് കൊറിയർ സർവീസുകൾ വഴിയാണ് ഇവർ വിതരണം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ കറൻസികളാണ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്. 2388 എൽ.എസ്.ഡി സ്റ്റാമ്പുകൾ, 16 എക്സ്റ്റസി ഗുളികകൾ, 3.6 കിലോഗ്രാം ലിക്വിഡ് എം.ഡി.എം.എ, ചരസ്, ആംഫറ്റമിൻ എന്നിവ പിടിച്ചെടുത്തതായി എൻ.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശത്ത് നിന്ന് വന്ന രണ്ടു പാഴ്സലുകളും ഇന്ത്യക്കകത്ത് വിതരണത്തിന് തയ്യാറാക്കിയ 13 പാഴ്സലുകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനും അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണം എൻ.സി.ബി ഊർജിതമാക്കി. ലഹരിമരുന്ന് കടത്തിനെതിരെയുള്ള വിവരങ്ങൾ നൽകാൻ 1933 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടണമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും എൻ.സി.ബി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |