അടിമാലി: അടിമാലി ടൗണിൽ ശനിയാഴ്ച്ചയുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ പി കെ സാബു പറഞ്ഞു.ഓട്ടോറിക്ഷാ തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ശനിയാഴ്ച്ച വൈകിട്ട് താലൂക്കാശുപത്രി പരിസരത്ത് നടന്ന കത്തികുത്തുമായി ബന്ധപ്പെട്ട് ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ബസിന്റെ ചില്ല് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മൂന്ന് പേർ ഒളിവിലാണ്.
ഓട്ടോ തൊഴിലാളികളെ മർദ്ദിച്ച കേസിലാണ് രണ്ട് ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.കത്തികുത്തുമായി ബന്ധപ്പെട്ട് കൂമ്പൻപാറ സ്വദേശി സുൾഫി,ഇരുമ്പുപാലം സ്വദേശി സുനു എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്.ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച കണ്ടാലറിയാവുന്ന ആളുകളെ ചേർത്ത് കേസ് ചാർജ്ജ് ചെയ്യുന്ന കാര്യം പൊലീസ് പരിഗണനയിലാണ്.ബസിന്റെ ചില്ല് തകർത്തതുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്നും അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട തുടരന്വേഷണം പുരോഗമിക്കുന്നതായും സർക്കിൾ ഇൻസ്‌പെക്ടർ പി കെ സാബു പറഞ്ഞു.
സംഘർഷത്തിൽ പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികത്സ തേടിയ ചില്ല് തകർത്തതുമായി ബന്ധപ്പെട്ട പ്രതികൾ പോലീസിനെ കബളിപ്പിച്ച രക്ഷപ്പെട്ട സംഭവം വലിയ ആക്ഷേപത്തിന് ഇടവരുത്തിയിട്ടുണ്ട്.
പ്രതികൾ ചികത്സയിൽ കഴിഞ്ഞിരുന്ന മുറിയിൽ നാല് പൊലീസുകാർ കാവലുണ്ടായിരുന്നിട്ടും ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഇവർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നൽകുന്ന വിവരം.സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടിയതായാണ് സൂചന.പ്രതികൾ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞതോടെയായിരുന്നു പ്രതികളുടെ സുഹൃത്തായ സുൾഫിക്കറെ ആശുപത്രി മുറ്റത്ത് വച്ച് മറു വിഭാഗം ആളുകൾ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചതും സംഘർഷം കത്തികുത്തിൽ കലാശിച്ചതും.സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ ടൗണിൽ തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |