
തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തിൽ സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതിനെക്കാളും കടുത്തതോടെ ദൈനംദിന ബില്ലുകൾ മാറുന്നതിന് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ബില്ലുകൾ മാറാൻ 5 മുതൽ 7 ദിവസം വരെയെടുക്കും. പത്തു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെയാണിത്. ബില്ലുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും പണം നൽകുന്നത് മുകളിൽ നിന്നുള്ള നിർദ്ദേശത്തിനനുസരിച്ചാണ്.
നിയന്ത്രണം കരാറുകാരെയും മറ്റ് സർക്കാർ സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തോടെ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ബില്ലുകൾ ഉടനടി പാസാക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. പകരം ബില്ലുകൾ ടോക്കൺ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം, ട്രഷറി ഡയറക്ടറേറ്റ് നൽകിയിട്ടുള്ള പ്രത്യേക ഗൂഗിൾ ഷീറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. ഇത് പരിശോധിച്ചശേഷം മുൻഗണനാ പട്ടികയിലുള്ള ബില്ലുകൾ മാത്രമേ പാസാക്കാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം.
എച്ച്.ആർ ക്ലെയിം ബില്ലുകൾ, ബാങ്കിൽ പോകുന്നതൊഴികെയുള്ള ട്രാൻസ്ഫർ ക്രെഡിറ്റ് ബില്ലുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സാധാരണ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാറുള്ള വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസ് ലഭിച്ച ബില്ലുകളും മുൻഗണന പാലിച്ച് രജിസ്റ്ററിൽ ചേർക്കണമെന്നാണ് നിർദ്ദേശം.
സാമ്പത്തിക പ്രതിസന്ധികാരണം ആസൂത്രണ പദ്ധതികൾ പകുതിപോലും ഇത്തവണ പൂർത്തിയാക്കാനായിട്ടില്ല. ഈ സാമ്പത്തികവർഷം തീരാൻ മൂന്നാഴ്ച മാത്രമാണുള്ളത്. അധിക വായ്പാനുമതിയോ, 5900 കോടിയോളം കടമെടുപ്പിൽ നിന്ന് വെട്ടിക്കുറച്ച നടപടിയോ കേന്ദ്ര സർക്കാർ പുന:പരിശോധിച്ചിട്ടില്ല. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ ജി.ഡി.പിയുടെ 0.5% അധിക വായ്പാനുമതിയായി 6000 കോടി നൽകിയത് മാത്രമാണ് ഏക ആശ്വാസം. കേന്ദ്ര ഗ്രാന്റിന്റെ കുടിശികയും നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |