ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ എയർക്രാഫ്റ്റ് നിർമ്മാണ ഫാക്ടറിയ്ക്കുള്ള മുപ്പത്തയ്യായിരം കോടിയുടെ കരാർ കിട്ടിയ മഹാരാഷ്ട്ര സ്വദേശി അമോൽ യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. പദ്ധതിക്ക് എല്ലാവിധ പിന്തുണയും അമോലിന് മോദി ഉറപ്പ് നൽകി. കൂടാതെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനാഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ് അമോൽ യാദവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി തന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യാദവ് പ്രതികരിച്ചു. മോദി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ സ്വപ്നം ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്റെ പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം കേട്ടിട്ടുണ്ടെന്നത് എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൂടാതെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു'- യാദവ് വ്യക്തമാക്കി.
മുംബയിലെ സബർബനിലെ തന്റെ വീടിന്റെ ടെറസിൽ ആറ് സീറ്റുകളുള്ള പരീക്ഷണാത്മക വിമാനം 18 വർഷം കൊണ്ട് യാദവ് നിർമ്മിച്ചു. 1998ലാണ് സ്വന്തമായൊരു വിമാനം നിർമ്മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ച് തുടങ്ങിയത്. എന്നാൽ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷനിൽ നിന്ന് ക്ലിയറൻസ് നേടുന്നതിൽ യാദവ് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദർ ഫഡ്‌നാവിസാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മോദിയുടെ ഇടപെടലിനെത്തുടർന്ന് അമോൽ യാദവിന് ഡിജിസിഎയിൽ നിന്ന് ക്ലിയറൻസ് കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |