
തിരുവനന്തപുരം: പാമ്പുകളുടെ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അടുത്ത അദ്ധ്യയന വർഷം മുതൽ സ്കൂളുകൾക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകൂ. സ്കൂളുകൾ എലികളുടെ താവളമാവരുത്. മാലിന്യം നീക്കം ചെയ്യണം. കുറ്റിക്കാടുകൾ വെട്ടിത്തെളിക്കണം. ഇത്തരം നിർദേശങ്ങളാണ് ഇതിനായി നൽകിയിരിക്കുന്നത്.
വനംവകുപ്പ് 'സർപ്പ' മൊബൈൽ ആപ്ലിക്കേഷൻ അദ്ധ്യാപകർക്ക് അവബോധം നൽകും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി. വൈദ്യുതി സുരക്ഷ, അഗ്നിശമന ക്രമീകരണങ്ങൾ എന്നിവ കൂടി ഉറപ്പാക്കി മാർച്ച് 31നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കൂ. സ്കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി പ്രധാനാദ്ധ്യാപകൻ, പി.ടി.എ പ്രതിനിധി, വാർഡ് മെമ്പർ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികൾ രൂപീകരിക്കും. ഈ കമ്മിറ്റി നിശ്ചിത സുരക്ഷാ ചെക്ക്‌ലിസ്റ്റ് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തണം. 31നകം അപേക്ഷ സമർപ്പിക്കാത്ത സ്കൂളുകളുടെ പ്രവർത്തനം തടസപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ നടപടികൾ വേഗത്തിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ
സ്കൂൾ പരിസരത്തെ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാ വേലി നിർമ്മിക്കണം. കെ.എസ്.ഇ.ബി അല്ലെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തണം
സ്കൂളുകളിൽ കൃത്യമായ ഫസ്റ്റ് എയ്ഡ് കിറ്റുകൾ ഉണ്ടായിരിക്കണം. പാമ്പുകടി പോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് കുറഞ്ഞത് രണ്ട് ജീവനക്കാർക്കെങ്കിലും സി.പി.ആർ ഉൾപ്പെടെയുള്ള പരിശീലനം നൽകണം.
കെട്ടിടത്തിന്റെ ബലം ചുറ്റുമതിലിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കണം.
കളിസ്ഥലങ്ങളിലെ അപകടകരമായ കുഴികൾ നികത്തുകയും ഉണങ്ങിയതോ അപകടകരമായതോ ആയ മരച്ചില്ലകൾ വെട്ടിമാറ്റണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |