
തിരുവനന്തപുരം: പൊക്കിൾകൊടി ബന്ധം മുറിച്ച് ജി.സുധാകരൻ സ്വയം പാർട്ടിയുടെ പടി ഇറങ്ങുമ്പോൾ സി.പി.എമ്മിന് നഷ്ടമാവുന്നത് വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മയ്ക്കും ശേഷം ആലപ്പുഴയിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവിനെ. ഗൗരി അമ്മയ്ക്കും എം.വി.രാഘവനും ശേഷം സി.പി.എമ്മിനെ കൈവിടുന്ന പ്രമുഖ നേതാവു കൂടിയാണ് സുധാകരൻ. പ്രതിയോഗിയായി ജി.സുധാകരൻ നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് മുഖത്ത് സി.പി.എം നേരിടേണ്ടിവരുന്ന പ്രതിസന്ധി ചെറുതാവില്ല. കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വമുള്ള സുധാകരനോട് പാർട്ടി നീതി കാട്ടയില്ലെന്ന വികാരം ആളിപ്പടർന്നാൽ ആലപ്പുഴയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെയാവും അതിന്റെ പ്രതിഫലനം. സുധാകരനെ സർവാത്മനാ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാവുമ്പോൾ അവരുടെ തന്ത്രങ്ങളിലും വരും അപ്രതീക്ഷിത മാറ്റങ്ങൾ.
എം.വി രാഘവന്റെയും കെ.ആർ.ഗൗരി അമ്മയുടെയും ശിഷ്ടകാല കഥകൾ പ്രതിരോധത്തിന് വേണ്ടി പറയാമെങ്കിലും കാലം മാറി. ആറര പതിറ്റാണ്ടിലേറെ പാർട്ടിക്കൊപ്പം സഞ്ചരിച്ച സുധാകരൻ, കാൽനൂറ്റാണ്ടോളം ജില്ലയിലെ ചോദ്യം ചെയ്യാനാവാത്ത നേതാവുമായിരുന്നു. ആലപ്പുഴയിലെ നേതാക്കളായ മന്ത്രി സജിചെറിയാനും ജില്ലാ സെക്രട്ടറി ആർ.നാസറും എച്ച്.സലാം എം.എൽ.എയും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ പരുവപ്പെട്ടവരുമാണ്. സുധാകരൻ ചില ആവലാതികൾ ഉന്നയിച്ചിട്ടും അവ പാർട്ടി നേതൃത്വം ഗൗനിച്ചില്ലെന്ന സങ്കടം അദ്ദേഹത്തിന്റെ സുതാര്യമായ രാഷ്ട്രീയ വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്ന പാർട്ടി അനുഭാവികൾക്കും നിഷ്പക്ഷമതികൾക്കുമുണ്ട്. ഈ വികാരം തിരഞ്ഞെടുപ്പിൽ നല്ലപോലെ പ്രതിഫലിച്ചേക്കാം. രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിൽ സുധാകരനുള്ള സ്വീകാര്യത വലിയ ചർച്ചകൾക്കും വഴിതുറക്കും.
ആലപ്പുഴ താമരക്കുളം പഞ്ചായത്തിൽ വേടരപ്ളാവ് നല്ലവീട്ടിൽ പി.ഗോപാലക്കുറുപ്പിന്റെയും എൽ.പങ്കജാക്ഷിയുടെയും അഞ്ചു മക്കളിൽ രണ്ടാമനായ സുധാകരൻ സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സംഘടനാ രംഗത്ത് സജീവമായി. കെ.എസ്.എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1971-ൽ എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥ കാലത്ത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിദ്യാർത്ഥി ജാഥ നയിച്ച് അറസ്റ്റിലാവുകയും കൊടിയ പൊലീസ് മർദ്ദനത്തിനും ജയിൽ വാസത്തിനും വിധേയനാവുകയും ചെയ്തു. പന്തളം എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ജി.ഭുവനേശ്വരൻ അനുജനാണ്.
കെ.ആർ ഗൗരി അമ്മയുമായും വി.എസ് അച്യുതാനന്ദനുമായും ഒരു സമയത്ത് ആത്മബന്ധം പുലർത്തിയിരുന്ന സുധാകരൻ , പിന്നീട് ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവുമായി. ആലപ്പുഴ ജില്ല കണ്ട കരുത്തുറ്റ ജില്ലാ സെക്രട്ടറിയുമായിരുന്നു. ആക്ഷേപങ്ങൾക്ക് അതീതനായ, കാര്യപ്രാപ്തിയുള്ള മന്ത്രിയുമായിരുന്നു.
1996-ൽ കായംകുളത്ത് കോൺഗ്രസിന്റെ ഉജ്വലനേതാവ് തച്ചടിപ്രഭാകരനെ തറപറ്റിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. 2001-ൽ ഇതേ മണ്ഡലത്തിൽ എം.എം.ഹസനോട് 1764 വോട്ടുകളുടെ തോൽവി. പക്ഷെ 2006-ൽ അമ്പലപ്പുഴയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.സുഗതനെ 11,929 വോട്ടുകൾക്ക് തോൽപ്പിച്ച സുധാകരൻ 2011 ലും 16 ലും മികവാർന്ന വിജയം ആവർത്തിച്ചു.
തിരഞ്ഞെടുപ്പിൽ നാല്
വിജയം, മൂന്ന് പരാജയം
ആലപ്പുഴ : ജില്ലാ കൗൺസിൽ പ്രസിഡന്റ്, എം.എൽഎ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽമത്സരിച്ചത് ഏഴുതവണ. നാലുതവണ വിജയിച്ചു. 1990ൽ രൂപീകരിച്ച ആലപ്പുഴ ജില്ലാ കൗൺസിൽ ആദ്യപ്രസിഡന്റായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്
(വർഷം, മണ്ഡലം, ഫലം)
1982- കുട്ടനാട് ( 2988 വോട്ടിന് പരാജയം)
1987- അമ്പലപ്പുഴ (124 വോട്ടിന് പരാജയം)
1996- കായംകുളം- (2647 വോട്ടിന് വിജയം)
2001- കായംകുളം (1764 വോട്ടിന് പരാജയം)
2006- അമ്പലപ്പുഴ (11929 വോട്ടിന് വിജയം)
2011- അമ്പലപ്പുഴ (16580 വോട്ടിന് വിജയം)
2016- അമ്പലപ്പുഴ (22628 വോട്ടിന് വിജയം)
ആലോചിച്ച് തീരുമാനിക്കും
അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസും യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും. സി.പി.എമ്മിന്റെ മൂല്യത്തകർച്ചയെക്കുറിച്ചാണ് സുധാകരൻ പറഞ്ഞത്. 'വർഗവഞ്ചകന് വോട്ടില്ലെ"ന്ന പ്രതിഷേധം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തെളിവാണ്. ഇടതു സഹയാത്രികരും നല്ല നേതാക്കളും അംഗങ്ങളും സി.പി.എമ്മിൽ നിന്ന് അകന്നുപോയി.
-വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
ചെയ്തത് കൊടുംചതി
ജി.സുധാകരനെപ്പോലെ സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവിനോട് സി.പി.എം ചെയ്തത് കൊടും ചതി. അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച സുധാകരനെ അപമാനിച്ച് പുകച്ചു പുറത്തുചാടിച്ചിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമോ എന്നത് കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും കൂടിയാലോചിച്ച് തീരുമാനിക്കും.
-രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തക സമിതി അംഗം
സുധാകരൻ പാർട്ടിയെ ചതിച്ചു
ജി.സുധാകരൻ പാർട്ടിയെ ചതിച്ചു. പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്. പാർട്ടിയെ ചതിക്കുന്ന നിലപാട് ശരിയായില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി നൽകും. തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയുന്നില്ല. 63 വർഷം പ്രവർത്തിച്ചിട്ട് ഇപ്പോൾ പാർട്ടിയെ തള്ളിപ്പറയുന്നത് എന്തിനാണ്. എന്ത് ദ്രോഹമാണ് അദ്ദേഹത്തോട് ചെയ്തതെന്ന് വ്യക്തമാക്കണം.
സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് മന്ത്രി
സുധാകരന്റെ ഹൃദയം
കേരളത്തിനറിയാം
സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരന് മാനസിക വിഷമം നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം കേരളത്തിലെ ജനങ്ങൾക്കറിയാം. വ്യക്തിത്വമുള്ള മനുഷ്യൻ. മാനസിക വിഷമം നേരിടുമ്പോഴൊക്കെ അദ്ദേഹത്തെ താൻ വിളിച്ചിരുന്നു. അതൊന്നും ബി.ജെ.പിയിലേക്ക് ക്ഷണിക്കാനായിരുന്നില്ല.
-സുരേഷ് ഗോപി, കേന്ദ്രമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |