കൊച്ചി: കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് ഏകനായി പദയാത്രയിലാണ് ഹിമാചലിലെ ഉന സ്വദേശി നരീന്ദർ കാലിയ. ധീര ജവാന്മാർക്ക് ഐക്യദാർഢ്യം, വീരമൃത്യു വരിച്ചവർക്ക് ആദരം, ഗ്രാമങ്ങളെ തൊട്ടറിയാനുള്ള ആഗ്രഹം എന്നിവയാണ് പ്രേരണ.
ഫെബ്രുവരി 10നാണ് യാത്ര ആരംഭിച്ചത്. ദിവസം 35 കിലോമീറ്റർ നടക്കും. 120 ദിവസത്തിൽ 4000 കിലോമീറ്റർ താണ്ടി ശ്രീനഗറിൽ അവസാനിപ്പിക്കും. ഉത്തരേന്ത്യയിലെത്തുമ്പോൾ പ്രധാന സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് ജവാന്മാരെ ആദരമറിയിക്കും. യുദ്ധസ്മാരകങ്ങളിൽ പ്രണാമം അർപ്പിക്കും.
സ്പോൺസർമാരില്ല. പ്രചാരണബാനറില്ല. ചെരിപ്പിടാതെയാണ് നടത്തം. നിത്യച്ചെലവിന് കൈയിൽ കുറച്ച് കാശുണ്ട്. പ്രാദേശിക ഭക്ഷണം രുചിക്കും. ആഹാരം നൽകിയാൽ സ്വീകരിക്കും. സമാപന ദിനം ബന്ധുക്കളും സുഹൃത്തുക്കളും പരിചിതരായ സൈനികരും ഉൾപ്പെടുന്ന ലളിതമായ ചടങ്ങുണ്ടാകും. അവിടെ ദേശീയപതാക ഉയർത്തും.
സാനിട്ടറി മാർക്കറ്റിംഗ് രംഗത്താണ് ഈ 46കാരൻ ജോലി നോക്കുന്നത്. അച്ഛൻ ശാന്തി സ്വരൂപ് സൈനികനായിരുന്നു. ജ്യേഷ്ഠൻ ഋഷി പ്രതിരോധ ഗവേഷണ സ്ഥാപനത്തിലാണ്.
പർവതാരോഹകനായ കാലിയ മാരത്തോണുകളിലും പങ്കെടുക്കാറുണ്ട്. നടത്തത്തിന് ഇതും പ്രചോദനമായി. ഉച്ചവെയിൽച്ചൂടിൽ വഴിവക്കിലെ തണലിൽ മയങ്ങും. അർദ്ധരാത്രിയോടെ പറ്റിയ സ്ഥലം കണ്ടെത്തി ഉറങ്ങും. അമ്പലവും പള്ളിയും പൊലീസ് സ്റ്റേഷനുമൊക്കെ താവളമാക്കി.
കേരളം ബന്ധുനാട്
കേരളത്തോട് കാലിയയ്‌ക്ക് പ്രത്യേക മമതയുണ്ട്. ജോലിയുടെ ഭാഗമായി പലവട്ടം വന്നിരുന്നു. ജ്യേഷ്ഠന്റെ ഭാര്യ പത്തനംതിട്ടക്കാരിയാണ്. രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ നാദം പ്രിയങ്കരം. പദയാത്രയ്‌ക്കിടെ രാജേഷിനെ നേരിൽകണ്ടു. ഉനയിൽ അദ്ധ്യാപികയാണ് ഭാര്യ നിധി ശർമ. മൂന്ന് ജോടി വസ്ത്രങ്ങൾ, പാത്രം, കുപ്പി വെള്ളം, നിലക്കടലയും പയറും ഉണക്കമുന്തിരിയും ഇത്രയുമാണ് കാലിയയുടെ ബാഗിൽ.
ഇന്ത്യയുടെ ജീവിതം പുസ്തകമാക്കണം. മനസുതൊടുന്നതെല്ലാം കുറിച്ചുവയ്ക്കുന്നുണ്ട്.
നരീന്ദർ കാലിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |