തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ശുചീകരണം പൂർത്തിയായത് മൂന്നു ദിവസം കൊണ്ടാണെന്ന് കളക്ടർ റിപ്പോർട്ട് നൽകിയെന്ന വാർത്തകൾ വന്നെങ്കിലും വിവാദത്തിൽ നിന്ന് അകലം പാലിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടിയും മേയർ വി.വി.രാജേഷും.അതേസമയം പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച കല്ലുകളുടെ വിതരണത്തിലേക്കും കോർപ്പറേഷൻ ഇന്നലെ കടന്നു. കളക്ടർ നൽകിയ റിപ്പോർട്ട് പുറത്തുവിട്ട് മന്ത്രി കോർപ്പറേഷനെ പ്രതിരോധത്തിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.അങ്ങനെയുണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ തന്ത്രങ്ങളുമായി ബി.ജെ.പിയും അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.ഇന്നലെ വാർത്താസമ്മേളനത്തിൽ മേയറും ഇതേക്കുറിച്ച് സംസാരിച്ചില്ല.പൊങ്കാലയ്ക്ക് ശേഷം മൂന്നു ദിവസംകൊണ്ടാണ് ശുചീകരണം പൂർത്തിയായതെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അത് ആറ്റുകാൽ ക്ഷേത്രപരിസരത്തെ കുറിച്ചാണെന്നാണ് വിവരം. ക്ഷേത്ര പരിസരത്തെ ഉത്തരവാദിത്വം പൂർണമായും ക്ഷേത്ര ട്രസ്റ്റിനാണ്. വിവാദം നീട്ടിക്കൊണ്ടുപോയാൽ അത് ട്രസ്റ്റിന് മേലുള്ള പഴിചാരലാകുമെന്ന് ഇരുകൂട്ടരും മനസിലാക്കിയ സാഹചര്യത്തിലാണ് വെടി നിറുത്തലെന്നാണ് വിവരം.പൊങ്കാല മാലിന്യം കുന്നുകൂടിയെന്ന് ആരോപിച്ച് സി.പി.എം തന്നെ രംഗത്തെത്തിയിരുന്നു.ഇതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ വി.ശിവൻകുട്ടി ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയത്.
ആദ്യം ആർ.ഡി.ഒ.യോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്.എന്നാൽ ആർ.ഡി.ഒ നൽകിയ റിപ്പോർട്ടിൽ പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യനീക്കത്തെക്കുറിച്ച് കാര്യമായ ആക്ഷേപമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.പൊങ്കാല ശുചീകരണം ബി.ജെ.പിയും എൽ.ഡി.എഫുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി മാറിയിരുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം പലസ്ഥലത്തും മാലിന്യം കെട്ടിക്കിടക്കുന്നത് നഗരവാസികൾക്ക് ഭീഷണിയാണെന്നും ഇതു പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ചുടുകല്ല് വിതരണം തുടരും
ഇന്നലെ ആരംഭിച്ച ചുടുകല്ല് വിതരണം വരും ദിവസങ്ങളിൽ തുടരും. ഇന്നലെ 15പേർക്കാണ് നൽകിയത്. ചാല ബോയ്സ് സ്ക്കൂളിലാണ് ഇവ ശേഖരിച്ചിരിക്കുന്നത്. ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ടവർക്കാണ് ഇത് നൽകുന്നത്. കയറ്റിറക്ക് ചുമതലയും കോർപ്പറേഷനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |