
ഹൈദരാബാദ്: നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലാണ് സംഭവം. നായ്ക്കളെ കൊന്ന ശേഷം പുഴയോരത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് ഏഴ്, എട്ട് തീയതികളിലായി നടന്ന കൂട്ടക്കൊലയ്‌ക്കെതിരെ 'സ്‌ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ' പൊലീസിൽ പരാതി നൽകി. രണ്ട് പേരെ വാടകയ്‌ക്കെടുത്ത് നായ്ക്കൾക്ക് വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി, തെരുവുനായ ശല്യം പരിഹരിക്കുമെന്ന് പല സ്ഥാനാർത്ഥികളും വോട്ടർമാർക്ക് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഇത്തരം ക്രൂരമായ നടപടികൾ സ്വീകരിക്കുന്നതെന്നാണ് മൃഗസ്‌നേഹികൾ ആരാേപിക്കുന്നത്.
ഈ വർഷം ജനുവരിയിൽ തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മാത്രം 500 നായ്ക്കളെ ഒരാഴ്ചയ്ക്കുള്ളിൽ കൊലപ്പെടുത്തിയിരുന്നു. ഭവാനിപേട്ട്, പാൽവഞ്ച, ഫരീദ്‌പേട്ട് തുടങ്ങിയ ഗ്രാമങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊല്ലപ്പെട്ട നായ്ക്കളുടെ എണ്ണം ഏകദേശം 1300 കടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ വിവിധ പഞ്ചായത്ത് പ്രതിനിധികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ നിയമപരമായ മാർഗങ്ങൾ നിലനിൽക്കെ, അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് മൃഗക്ഷേമ സംഘടനകൾ ഉയർത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |