
ഹൈദരാബാദ് : എഫ്.ഐ.എച്ച് വനിതാ ഹോക്കി യോഗ്യതാ റൗണ്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇംഗ്ളണ്ടിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി. എന്നാൽ ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമതായി സെമിയിലേക്ക് എത്തിയപ്പോൾ തന്നെ ഇന്ത്യ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.
ഈ വർഷം ആഗസ്റ്റിൽ ബെൽജിയത്തിലും നെതർലാൻഡ്സിലുമായി നടക്കുന്ന ലോകകപ്പിനുള്ള രണ്ട് യോഗ്യതാ റൗണ്ട് ടൂർണമെന്റുകളാണ് മാർച്ചിൽ നടന്നത്. ആദ്യത്തേത് ചിലിയിലെ സാന്റിയാഗോയിലുമായിരുന്നു. രണ്ടാമത്തേത്ത് ഹോക്കി ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലും. ഇതിൽ ഹൈദരാബാദിൽ നടന്ന ടൂർണമെന്റിലാണ് റണ്ണേഴ്സ് അപ്പായി ഇന്ത്യ യോഗ്യത നേടിയത്. ഇന്ത്യ, സ്കോട്ട്‌ലാൻഡ്,ഉറുഗ്വേ, വെയിൽസ്, ഇംഗ്ളണ്ട്, ഇറ്റലി,സൗത്ത് കൊറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഹൈദരാബാദിൽ നടന്ന ടൂർണമെന്റിൽ മത്സരിച്ചത്. ഇതിൽ ഇന്ത്യ, ഇംഗ്ളണ്ട്,സ്കോട്ട്‌ലാൻഡ് എന്നീ ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത ലഭിച്ചത്.
പൂൾ ബിയിൽ ഉറുഗ്വേയെ 4-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യ പോരാട്ടം തുടങ്ങിയത്. അന്നു,ഇഷിക,ലാൽറെംസിയാമി, റുതുജ എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം മത്സരത്തിൽ ഇന്ത്യ സ്കോട്ട‌്ലാൻഡുമായി 2-2ന് സമനിലയിൽ പിരിഞ്ഞു. നവനീതും സുനേലിതയുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
പൂൾ റൗണ്ടിലെ അവസാനമത്സരത്തിൽ വെയിൽസിനെ 4-1ന് തോൽപ്പിച്ചാണ് ഇന്ത്യ ബർത്ത് ഉറപ്പാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ പൂൾ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തു. നവ്നീത് കൗർ നേടിയ ഹാട്രിക്കാണ് വെയിൽസിനെതിരെ ഇന്ത്യയ്ക്ക് വിജയം നൽകിയത്. ഏഴാം മിനിട്ടിൽ സാക്ഷിയിലൂടെയാണ് ഇന്ത്യ ഗോളടി തുടങ്ങിയത്. 29,34,55 മിനിട്ടുകളിലായാണ് നവ്നീത് ഹാട്രിക് തികച്ചത്. 39-ാം മിനിട്ടിലാണ് വെയിൽസ് ആശ്വാസ ഗോൾ നേടിയത്.
ഇറ്റലിക്ക് എതിരായ സെമിയിൽ മനീഷ നേടിയ ഏക ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിൽ ഗ്രേസ് ബാൾസ്ഡണും എലിസബത്ത് നീലും നേടിയ ഗോളുകൾക്ക് ഇംഗ്ളണ്ട് ഇന്ത്യയെ കീഴടക്കുകയും ചെയ്തു. സെമിയിൽ സ്കോട്ട്ലാഡിനെ 2-0ത്തിന് തോൽപ്പിച്ചാണ് ഇംഗ്ളണ്ട് ഫൈനലിലെത്തിയത്. ഒറ്റക്കളിപോലും തോൽക്കാതെയാണ് ഇംഗ്ളീഷുകാരികൾ കിരീടമണിഞ്ഞത്. അഞ്ചുഗോളുകൾ വീതം നേടിയ ഇംഗ്ളണ്ടിന്റെ ഗ്രേസ് ബാൾസ്ഡണും
ഉറുഗ്വേയുടെ തെരേസ വിയാനയും ടൂർണമെന്റിലെ ടോപ് സ്കോറർമാരായി. ഇന്ത്യയുടെ നവ്‌നീത് കൗർ നാലുഗോളുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
ലോകകപ്പിനുള്ള ടീമുകൾ
കാനഡ, ചിലി,ഉറുഗ്വേ,ഓസ്ട്രിയ,ഇറ്റലി, സ്വിറ്റ്സർലാൻഡ്,വെയിൽസ്, ഇംഗ്ളണ്ട്,ഫ്രാൻസ്, അയർലാൻഡ്, സ്കോട്ട്‌ലാൻഡ്, ഓസ്ട്രേലിയ, ഇന്ത്യ,ജപ്പാൻ,സൗത്ത് കൊറിയ, മലേഷ്യ.
9
തങ്ങളുടെ ഒൻപതാമത് ലോകകപ്പിനാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം യോഗ്യത നേടിയിരിക്കുന്നത്. 1974, 1976, 1978, 1983, 1998, 2010, 2018, 2022 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിലാണ് ഇന്ത്യ പങ്കെടുത്തിട്ടുള്ളത്. 1974ലെ പ്രഥമ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് യോഗ്യത ലഭിക്കുന്നത്. 2022ൽ സ്പെയ്നിലും നെതർലാൻഡ്സിലുമായി നടന്ന ലോകകപ്പിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2018ൽ ഇംഗ്ളണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്താവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |