
വിതുര: ജനവാസമേഖലയിൽ ഭീതിപരത്തിയ കരടി വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ വനപാലകർ കല്ലാർ മൊട്ടമൂട് മൺപുറത്തിന് സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കരടി കുടങ്ങിയത്. വനപാലകരെത്തി മയക്കുവെടി വെച്ച് കരടിയെ പിടികൂടി വനം വന്യജീവിസങ്കേതത്തിലേക്ക് കൊണ്ടുപോയി. നിലവിൽ കല്ലാർ മൊട്ടമൂട് മേഖലയിൽ കരടി ശല്യം രൂക്ഷമാണ്. വനമേഖലയായതിനാൽ പകൽ സമയത്തുപോലും കരടി ഇവിടെയെത്താറുണ്ട്. ചക്ക സീസണായതിനാൽ കരടിയുടെ ശല്യം വർദ്ധിക്കും. കല്ലാർ വനത്തിൽ നിന്ന് കൂട്ടത്തോടെയാണ് കരടികൾ മൊട്ടമൂട് മൺപുറം മേഖലകളിലെത്തുന്നത്. കല്ലാറിന് പുറമേ മരുതാമല,ചാത്തൻകോട്,കളിയിക്കൽ മേഖലകളിലും കരടി ശല്യം നേരിടുന്നുണ്ട്. മുമ്പ് വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറിയയാളെ കരടി ആക്രമിച്ചിരുന്നു. കരടി ശല്യം വർദ്ധിച്ചതോടെ മൊട്ടമൂട് മൺപുറം നിവാസികൾ വനപാലകർക്ക് പരാതി നൽകിയിരുന്നു. പ്രദേശത്ത് വർദ്ധിച്ചുവരുന്ന കരടിശല്യം ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഒരുമാസം മുമ്പ് വനപാലകർ കരടിയുടെ പിടികൂടുവാനുള്ള നടപടികൾ സ്വീകരിച്ചത്. കല്ലാർ, മൊട്ടമൂട്,മൺപുറം മേഖലയിൽ പുലിയുടെ ശല്യവുമുണ്ട്. പുലിയെത്തി വളർത്തുനായ്ക്കളെ കൊന്നാടുക്കുകയാണ് പതിവ്. വന്യമൃഗശല്യത്തിന് തടയിടുവാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് പത്മശ്രീ ജേതാവായ കല്ലാർ മൊട്ടമൂട് ലക്ഷ്മികുട്ടിയമ്മ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |