SignIn
Kerala Kaumudi Online
Friday, 24 April 2026 7.25 PM IST

പച്ചക്കോട്ടയിൽ ചെങ്കൊടി പാറുമോ

Increase Font Size Decrease Font Size Print Page

മലപ്പുറം: പച്ചക്കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിക്കാൻ യു.ഡി.എഫും സ്വതന്ത്രരിലൂടെ ചെങ്കൊടി പാറിയത് ആവർത്തിക്കാൻ എൽ.ഡി.എഫും വോട്ടുനില മെച്ചപ്പെടുത്താൻ എൻ.ഡി.എയും കച്ചമുറുക്കുന്നതോടെ മലപ്പുറത്തെ നിയമസഭാ പോര് കനക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻവിജയം ചുവടുപിടിച്ച് 16 മണ്ഡലങ്ങളിലും വിജയമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണത്തെ നാല് സീറ്റെന്നത് കുറയാതിരിക്കാനാണ് ഇടതിന്റെ കരുനീക്കങ്ങൾ.

യു.ഡി.എഫിൽ മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ പന്ത്രണ്ടിടത്ത് മുസ്ലിം ലീഗും നാലിടത്ത് കോൺഗ്രസുമാണ് മത്സരിക്കാറുള്ളത്. 2021ൽ പതിനൊന്നിടത്ത് ലീഗ് വിജയിച്ചപ്പോൾ കോൺഗ്രസ് ഒന്നിലൊതുങ്ങി. നിലമ്പൂർ, താനൂർ, തവനൂർ സീറ്റുകൾ സ്വതന്ത്രരിലൂടെ പിടിച്ചടക്കിയും കോട്ടയായ പൊന്നാനി നിലനിറുത്തിയും സി.പി.എം ശക്തി തെളിയിച്ചു. നിലമ്പൂരിൽ പി.വി.അൻവറിന്റെ രാജിയോടെ സീറ്റ് മൂന്നായി ചുരുങ്ങിയിട്ടുണ്ട്. ഇത്തവണ നിലമ്പൂരിൽ .യു.ഷറഫലി, തവനൂർ കെ.ടി.ജലീൽ, താനൂർ വി.അബ്ദുറഹിമാൻ, വേങ്ങരയിൽ കെ.പി.സബാഹ് എന്നിവ‌രെ മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. എൻ.ഡി.എയ്ക്ക് ലോക്‌സഭയിലെ വോട്ട് വിഹിതം തദ്ദേശ തിരഞ്ഞെടുപ്പിൽ നിലനിറുത്താൻ കഴിഞ്ഞിട്ടില്ല. പ്രകടനം മെച്ചപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.

മലപ്പുറത്തെ 122 തദ്ദേശ സ്ഥാപനങ്ങളിൽ 115 ഇടത്തും യു.ഡി.എഫാണ്. എൽ.ഡി.എഫ് ആറിടത്ത് ഒതുങ്ങി. ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. തദ്ദേശ ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ആറിടങ്ങളിൽ 30,000ത്തിന് മുകളിലാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. പൊന്നാനിയിൽ ഒഴികെ മറ്റിടങ്ങളിലും വ്യക്തമായ മേൽക്കോയ്മയുണ്ട്.

മത്സരം കനക്കും

സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം സി.പി.എമ്മിന് എളുപ്പമാവില്ല. താനൂർ, തവനൂർ, നിലമ്പൂർ സീറ്റുകളിൽ തദ്ദേശ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് കാര്യമായ മുൻതൂക്കമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ താനൂരിലെ ആറിൽ നാലും യു.ഡി.എഫിനൊപ്പമാണ്. ലീഗ്-കോൺഗ്രസ് ഭിന്നതയിലാണ് മണ്ഡലം കൈവിടാറുള്ളത്. കഴിഞ്ഞ തവണ 985 വോട്ടിനാണ് ഇടതുസ്വതന്ത്രനായ മന്ത്രി വി.അബ്ദുറഹിമാന്റെ വിജയം. യു.ഡി.എഫിലെ വോട്ടുചോർച്ച അബ്ദുറഹിമാന് തുണയായി. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ 16,756 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്.

കെ.ടി.ജലീലിന്റെ തവനൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2,564 വോട്ടിനാണ് ജലീൽ വിജയിച്ചത്. 2016ലെ 17,064 വോട്ടിൽ നിന്നാണ് ഈ വീഴ്ച. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11,077 വോട്ടിനാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. അൻവർ യു.ഡി.എഫിൽ എത്തിയതോടെ നിലമ്പൂർ കൂടുതൽ സുരക്ഷിതമായിട്ടുണ്ട്.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.