
അങ്കമാലി/കാലടി: പിതാവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ അയൽവാസിയെ വിമുക്തഭടനായ മകൻ എട്ടു കൊല്ലത്തിനു ശേഷം വെടിവച്ചു കൊന്നു. പ്രതി തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അങ്കമാലി മഞ്ഞപ്ര കോതായിപ്പാലത്തിന് സമീപം ഇന്നലെ വൈകിട്ട് 6.45നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
കെ.എസ്.ആർ.ടി.സി റിട്ട. ബസ് ഡ്രൈവറായ അയ്യമ്പുഴ ഉപ്പുകല്ല് കിലുക്കൻ വീട്ടിൽ ജോസാണ് (51) വെടിയേറ്റ് മരിച്ചത്. മുൻ ബി.എസ്.എഫ് ജവാനും അയൽവാസിയുമായ കാളാംപറമ്പിൽ വീട്ടിൽ പോളിയാണ് (57) വെടിയുതിർത്തത്. പാലത്തിന് സമീപം കോതായി തോട്ടിൽ ജോസ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് പോളി തോക്കുമായി എത്തിയതും വെടിയുതിർത്തതും.
ഒന്നിലേറെ തവണ വെടിയുതിർത്തതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് തന്നെ ജോസ് മരിച്ചു.
മരണം ഉറപ്പാക്കിയ ശേഷം പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പാലത്തിന് സമീപം ജോസുമായി വാക്കേറ്റമുണ്ടായെന്നും തുടർന്നുണ്ടായ പ്രകോപനത്തിൽ വെടിയുതിർത്തെന്നുമാണ് പ്രതിയുടെ മൊഴി. ആലുവയിലെ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായ പോളി ജോലി കഴിഞ്ഞ് ഡബിൾ ബാരൽ തോക്കുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പ്രതിയുടെയും കൊല്ലപ്പെട്ട ജോസിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് 2018ൽ പോളിയുടെ പിതാവ് ജോസ് വിറകു കഷണംകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചത്. ഈ കേസിലെ പ്രതിയും അയൽവാസിയുമായ ജോസിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു.
പോളിയും കുടുംബവും മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാലാവധി തീരും മുമ്പേ ബി.എസ്.എഫിൽ നിന്ന് ജോലി മതിയാക്കി വന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
അൽഫോൺസയാണ് മരിച്ച ജോസിന്റെ ഭാര്യ. മക്കൾ: ജിയ, ജെറാൾഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |