
തൃശൂർ: പൂരം തുടങ്ങും മുൻപേ തിരഞ്ഞെടുപ്പ് പൂരം കഴിയുന്നതിന്റെ ആശ്വാസത്തിലാണ് പൂരപ്രേമികൾ. രാഷ്ട്രീയവും വിവാദങ്ങളും ഇല്ലാതെ ഇക്കുറി ഉത്സവം കൂടാമെന്നാണ് പ്രതീക്ഷ. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പൂരം നടന്നപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളും ചർച്ചകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. രാത്രി എഴുന്നള്ളത്തിനും വെടിക്കെട്ടിനും പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെ തുടർന്ന് പൂരം കലങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. വീണ്ടും പൂരക്കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ വിവാദങ്ങളും കൂടെയെത്തുമോയെന്നായിരുന്നു ആശങ്ക. തിരഞ്ഞെടുപ്പ് കാലത്ത് പൂരമെത്തുമ്പോൾ സംഘടനാ കാര്യങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടിക്കാരും അണികളും നുഴഞ്ഞുകയറും. എന്നാൽ ഇക്കുറി ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് കഴിഞ്ഞ് 26ന് പൂരം നടക്കുന്നതിനാൽ പൂരം കെങ്കേമമാകുമെന്ന വിശ്വാസത്തിലാണ് പൂരപ്രേമികൾ.
തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് പൂരമെന്നത് ആശ്വാസമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ആനകളുടെ കുറവുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
കെ.ഗിരീഷ് കുമാർ,
തിരുവമ്പാടി ദേവസ്വം
പൂരം ഇക്കുറി സമാധാനപരമാകുമെന്നുറപ്പ്. നാട്ടാനകളുടെ കുറവ് ഭാവിയിൽ പ്രശ്‌നമാകും. തൃശൂർ പൂരത്തിന് മാത്രം നൂറോളം ആനകളെ ആവശ്യമുണ്ട്. നാട്ടാനകളുടെ കുറവ് പരിഹരിക്കാൻ അധികൃതർ ഇടപെടണം.
ജി.രാജേഷ്,
പാറമേക്കാവ് ദേവസ്വം
പൂരം കലക്കൽ വിവാദം
2024 ഏപ്രിലിൽ നടന്ന തൃശൂർ പൂരത്തിനിടെ രാത്രിയിൽ ബാരിക്കേഡ് ഉപയോഗിച്ച് ഭക്തരെയും ദേവസ്വം ഭാരവാഹികളെയും തടഞ്ഞതോടെ തിരുവമ്പാടി ദേവസ്വം ചടങ്ങ് നിറുത്തിവച്ചു, പന്തൽ വിളക്കുകൾ അണച്ചു. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് ചരിത്രത്തിലാദ്യമായി പകൽവെളിച്ചത്തിൽ രാവിലെ ഏഴിനാണ് നടന്നത്. പൊലീസാണ് പൂരം കലക്കിയതെന്നും ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ സഹായിക്കാനാണെന്നുമുള്ള ആരോപണവുമായി സുരേഷ് ഗോപി വിജയിച്ചശേഷം സി.പി.ഐ രംഗത്തെത്തി. കളക്ടർ കൃഷ്ണതേജയെയും സി.പി.ഐ ആരോപണമുനയിൽ നിറുത്തി. സ്ഥലത്തേക്ക് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതും വിവാദമായി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറും പഴികേട്ടു. ആരോപണം ഉന്നയിച്ച വി.എസ്.സുനിൽകുമാറിനെ പിന്തുണച്ച് സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിറുത്താനായിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ, ഈ വർഷം ഫെബ്രുവരിയിൽ വന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസിന് ക്ലീൻചിറ്റ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |