
കൊച്ചി: പൊതുവെ യു.ഡി.എഫ് കോട്ടയാണെങ്കിലും ഇടയ്ക്കിടെ നിറംമാറുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ സവിശേഷ സാഹചര്യമാണ്. മൂന്നുമുന്നണികളിലും ശാക്തിക ചേരികളായ പോരാട്ടം. സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചുവരാൻ യു.ഡി.എഫും ശ്രമിക്കുമ്പോൾ, എൻ.ഡി.എയുമായി സഖ്യത്തിലായ ട്വന്റി 20 കടുത്ത വെല്ലുവിളി ഉയർത്തുന്നു.
കുന്നത്തുനാട്ടിലെ ഇടതുമുന്നണിക്കായി സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ പി.വി.ശ്രീനിജിൻ വീണ്ടും ജനവിധി തേടുന്നു. 2021ൽ കോൺഗ്രസിലെ വി.പി. സജീന്ദ്രന്റെ ഹാട്രിക് വിജയം തടഞ്ഞാണ് ശ്രീനിജിൻ മണ്ഡലം പിടിച്ചത്. അന്ന് ട്വന്റി20 ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും ഇരുമുന്നണികൾക്കും കടുത്ത തലവേദനയായി. നാൽപതിനായിരത്തിൽപ്പരം വോട്ടുകളാണ് ട്വന്റി20യുടെ ഡോ.സുജിത് പി.സുരേന്ദ്രൻ പിടിച്ചത്. വിയർത്തു ജയിച്ച ശ്രീനിജിൻ നേടിയതാകട്ടെ നേരിയ ഭൂരിപക്ഷം മാത്രം. ഈ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് മണ്ഡലത്തിന് നിർണായകമായ പുതിയ രാഷ്ട്രീയ വികാസമുണ്ടായിരിക്കുന്നത്. ട്വന്റി20 എൻ.ഡി.എ സഖ്യകക്ഷിയായി മാറുന്നത്.
എൽ.ഡി.എഫിനായി ശ്രീനിജിനും യു.ഡി.എഫിനായി സജീന്ദ്രനും തന്നെയാണ് ജില്ലയിലെ സംവരണ സീറ്റായ കുന്നത്തുനാട്ടിൽ ഇത്തവണയും കളത്തിലിറങ്ങുന്നത്. അതേസമയം, എൻ.ഡി.എയുടെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം കുന്നത്തുനാടിന് വേണ്ടിയായിരുന്നു. കോൺഗ്രസ് വിട്ടുവന്ന അടൂരിലെ നേതാവ് ബാബു ദിവാകരനാണ് സ്ഥാനാർത്ഥി.
പ്രവചനാതീതം
കുന്നത്തുനാട്ടിൽ ഇക്കുറിയും തീപാറുന്ന ത്രികോണ പോരാട്ടമാണ്. തീർത്തും പ്രവചനാതീതം. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് മുമ്പുണ്ടായിരുന്ന ആധിപത്യം കുറയ്ക്കാനായതും ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന കണക്കുകൂട്ടലുമാണ് യു.ഡി.എഫിനെ നയിക്കുന്നത്. ബി.ജെ.പിയുമായുള്ള പുതിയ കൂട്ടുകെട്ടാണ് ട്വന്റി20യുടെ ബലം. 2021ൽ ട്വന്റി 20യ്ക്കും ബി.ജെ.പിക്കും കിട്ടിയ വോട്ടുകൾ ചേർത്തുവച്ചാൽ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സജീന്ദ്രനേക്കാൾ വോട്ടുവരും. ട്വന്റി 20 രംഗത്തില്ലാതിരുന്ന 2016ൽ ബി.ജെ.പി ഒറ്റയ്ക്ക് 16,459 വോട്ട് നേടിയെന്നതും ശ്രദ്ധേയം.
2021ലെ വോട്ടുനില
പി.വി.ശ്രീനിജിൻ(എൽ.ഡി.എഫ്): 51,180(33.77%)
വി.പി.സജീന്ദ്രൻ(യു.ഡി.എഫ്): 48,463(31.98%)
ഡോ.സുജിത് (ട്വന്റി 20): 41,890(27.64%)
രേണു സുരേഷ് (എൻ.ഡി.എ): 7,056(4.66%)
ഭൂരിപക്ഷം: 2,717
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |