
? മൂന്നാം എൽ.ഡി.എഫ്. ഭരണം ഉറപ്പാണെന്ന് സി.എം പറയുന്നു. പ്രധാന കാരണം.
കാരണം കേരളത്തിന്റെ ഇന്നത്തെ അവസ്ഥ തന്നെയാണ്. നാടും ജനങ്ങളും എന്താണോ ആഗ്രഹിക്കുന്നത്, അത് നല്ല നിലയിൽ വിജയിപ്പിച്ചെടുക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു.
? മൂന്നാം ടേം കിട്ടിയാൽ താങ്കൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്.
എല്ലാ കാലത്തും പറയാറുള്ള മറുപടി തന്നെയാണ്. ആചിന്തയ്ക്ക് നന്ദി. തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ആ തീരുമാനത്തിന് വിധേയനായിട്ടാണ് എല്ലാ കാലത്തും പ്രവർത്തിച്ചത്.
? പ്രതിപക്ഷ നേതാവ് പറയുന്നത് നൂറു സീറ്റിൽ വിജയം നേടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നാണ്...
അതിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. പ്രതികരിക്കാൻ പിന്നീട് നിർബന്ധിതനാകും. ഇപ്പോൾ പറഞ്ഞാൽ അത് കടുപ്പമായിപ്പോകും.
? പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു.
ഇതുപോലെ അമ്പേ പരാജയപ്പെട്ട ഒരു പ്രതിപക്ഷം ജനാധിപത്യ ചരിത്രത്തിൽ കാണുമോ എന്ന് സംശയമാണ്. ബഹളമുണ്ടാക്കാനുള്ള സംഘം മാത്രമായി പ്രതിപക്ഷം മാറി. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ് ഭരണ പക്ഷവും പ്രതിപക്ഷവും. പ്രതിപക്ഷത്തിന്റേതായ റോൾ നിർവഹിച്ചിട്ടില്ല.
? സഭയിൽ നിരന്തരം സംഘർഷാത്മകമായ അന്തരീക്ഷമായിരുന്നല്ലോ.
സാധാരണ നിലയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നല്ല നിലയിൽ ഉപയോഗിക്കേണ്ടതാണ്. ഒരു ഉദാഹരണം പറയാം. അവസാനത്തെ നിയമസഭ. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണല്ലോ. ആ സമ്മേളനത്തിലാണ് സഭയിൽ പ്രതിപക്ഷം ഭരണപക്ഷത്തെ വല്ലാതെ കടന്നാക്രമിക്കുക. അങ്ങനെ സംഭവിക്കുമെന്നു കരുതിയാണല്ലോ നമ്മൾ ഇരിക്കുന്നത്. അടിയന്തരപ്രമേയം പോലും ഉണ്ടായില്ല. അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. പറഞ്ഞാൽ മറുപടി കിട്ടുമല്ലോ.
സാധാരണ രീതിയിൽ ഭരണപക്ഷത്തുള്ള മന്ത്രിമാർക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ ഉന്നയിക്കേണ്ട സമയമാണ്. അത് എഴുതിക്കൊടുത്ത് ഉന്നയിക്കുന്ന നില പ്രതിപക്ഷം സ്വീകരിക്കും. ചിലപ്പോൾ വസ്തുതയൊന്നുമില്ലെങ്കിലും ഒരു പുകമറ സൃഷ്ടിക്കാൻ ആരോപണം ഉന്നയിക്കും. അവർക്ക് ഉന്നയിക്കാൻ ആരോപണമുണ്ടായിരുന്നില്ല. സാധാരണ രീതിയിൽ അവസാന ഘട്ടത്തിൽ അവിശ്വാസംവരെ കൊണ്ടുവരും. അവിശ്വാസ പ്രമേയം വന്നാൽ സർക്കാരിന് നല്ല രീതിയിൽ മറുപടി പറയാൻ പറ്റുമെന്ന് അവർക്കറിയാം. ആ രീതിയിൽ നിസ്സഹായരായ ഒരു പ്രതിപക്ഷമാണ് ഉണ്ടായത്.
? പ്രധാന എതിരാളി യു.ഡി.എഫ് ആണോ, എൻ.ഡി..എ ആണോ.
കേരളത്തിൽ ബി.ജെ.പി ഒരു സീറ്റും നേടാൻ പോകുന്നില്ല എന്നാണ് ഞങ്ങൾ കാണുന്നത്. അതേസമയം ശക്തിയുടെ കാര്യത്തിൽ യു.ഡി.എഫാണ് അവരേക്കാൾ മുന്നിൽ. അതുകൊണ്ട്.യു.ഡി.എഫിനെ പ്രധാനമായും എതിർക്കുന്നു.
? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അങ്ങയുമായി അടുപ്പമുണ്ടെന്ന് കരുതുന്നവരുണ്ട്. അതിൽ ഒരു അന്തർധാരയുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
നരേന്ദ്രമോദി കേരളത്തിൽ വരുമ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ നല്ല നിലയ്ക്ക് സ്വീകരിക്കാറുണ്ട്. ഫോട്ടോയൊക്കെ നിങ്ങളുടെ പത്രത്തിൽ വരാറുണ്ടല്ലാ. നിവേദനങ്ങൾ കൊടുക്കാൻ ഡൽഹിയിൽ പോയാൽ അദ്ദേഹത്തെ കാണാറുണ്ട്. അവിടെയും നല്ല നിലയ്ക്ക് സ്വീകരിക്കാറുണ്ട്. പക്ഷേ, കേരളത്തോട് ഏതെങ്കിലും കാര്യത്തിൽ ഈ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടോ? പ്രധാനമന്ത്രിയെ കണ്ട് ചിരി ചിരിച്ച് ഒരു ഫോട്ടോ പത്രത്തിൽ വന്നാൽ കേരളത്തിന് എന്തു ഗുണം?
? പാർട്ടിയുടെ ശക്തിദുർഗം എന്ന് വിശേഷിപ്പിക്കാവുന്ന ആലപ്പുഴയിലും കണ്ണൂരിലും പാർട്ടിയിലെ രണ്ട് സീനിയർ നേതാക്കൾ പാർട്ടി വിട്ടുപോവുകയും യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്യുന്നു. ഇത് പാർട്ടിക്ക് ദോഷം ചെയ്യില്ലേ.
സാധാരണ നിലയ്ക്ക് പാർട്ടിയിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമാണെന്നതിൽ തർക്കമില്ല. അങ്ങനെയൊരു കാര്യം സംഭവിക്കേണ്ട പാർട്ടിയല്ല സി.പി.എം. പക്ഷേ കാലത്തിന്റെ ഒരു മാറ്റം. നമ്മുടെ ചില മുതിർന്ന നേതാക്കൾക്കു പോലും മത്സരിക്കണമെന്ന് തോന്നുകയാണ്. ജി. സുധാകരൻ പറയുന്നത് അദ്ദേഹത്തെ അവഗണിക്കുന്നു എന്നാണ്. അദ്ദേഹത്തിന് എല്ലാ പരിഗണനയും കൊടുത്ത പാർട്ടിയാണ്. അതിന്റെ ഭാഗമായി അദ്ദേഹം വിവിധ പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭരണരംഗത്തും പ്രവർത്തിച്ചു. 75-ാം വയസ്സിലാണ് അദ്ദേഹം പാർട്ടിയുടെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാകുന്നത്. ഇത് പാർട്ടി കോൺഗ്രസിന്റെ പൊതു തീരുമാനമാണ്. എല്ലാവർക്കും ബാധകമായ കാര്യം ജി. സുധാകരന് ബാധകമാക്കിയപ്പോൾ അത് അവഗണനയായി എങ്ങനെയാണ് തോന്നുക?
? സി.എം ഇടപെട്ടാൽ പരിഹരിക്കാവുന്ന കാര്യമാണെന്ന സംസാരം അന്തരീക്ഷത്തിലുണ്ട്...
അദ്ദേഹം ഇങ്ങനെയൊരു നിലപാട് എടുക്കുമെന്ന് എന്റെ മനസ്സിൽ സംശയമേയുണ്ടായിട്ടില്ല. അദ്ദേഹം ഒരു മുതിർന്ന സഖാവാണല്ലോ. അദ്ദേഹം പറയുന്ന രീതി എല്ലാവർക്കും അറിയാമല്ലോ. ചില പ്രത്യേക രീതിയിലേ പറയൂ. അത് എല്ലാ കാലത്തും അദ്ദേഹത്തിന് അനുവദിച്ചുകൊടുത്തിട്ടുള്ള കാര്യമാണ്. അതിന്റെ ഭാഗമായി ഒരു വല്ലാത്ത അവസ്ഥയിലേക്കു പോകുമെന്ന് ആരും കണക്കാക്കിയില്ല. പലതും നാട്ടിൽ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ അത് മുഖവിലക്കെടുത്തിരുന്നില്ല.പക്ഷേ ഒരു ഘട്ടമെത്തിയപ്പോൾ ഇതാരു സീരിയസായ കാര്യമാണെന്ന അവസ്ഥ വന്നു. അപ്പോൾ അദ്ദേഹത്തെ വിളിക്കാൻ തോന്നി. വിളിച്ചപ്പോൾ ഫോൺ എൻഗേജ്ഡ്; കിട്ടിയില്ല. കുറച്ചു കഴിഞ്ഞ് രണ്ടാമതും വിളിച്ചു. അദ്ദേഹം എടുത്തില്ല. മൂന്നാമതും വിളിച്ചു; എടുത്തില്ല. ഫോൺ എടുക്കാതിരിക്കുന്നതാണെന്ന് മനസ്സിലായി.
അദ്ദേഹത്തോട് സംസാരിക്കണമെന്നു തോന്നി. ആലപ്പുഴ ജില്ലാ സെക്രട്ടറി നാസറും സഖാക്കളും സുധാകരനെ വീട്ടിൽ വച്ച് കണ്ടപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നല്ലോ എന്ന് ചോദിച്ചു. 'ഏയ് എന്നെ വിളിച്ചിട്ടില്ല, ഞാൻ കണ്ടിട്ടില്ല" എന്നാണ് പറഞ്ഞത്. ഇപ്പോൾ വിളിക്കാമെന്ന് നാസർ പറഞ്ഞു. 'വേണ്ട വേണ്ട വിളിക്കണ്ട" എന്നായിരുന്നു നിലപാട്. സംസാരിക്കാൻ താത്പര്യമില്ലെന്നു മനസ്സിലായി. സുധാകരൻ വർഗവഞ്ചന കാണിച്ച് ശത്രുക്കളുടെ കയ്യിലെ കോടാലിയായി. അത് പാർട്ടിയെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന കാര്യമാണെന്ന് കരുതുന്നില്ല.
പുന്നപ്ര വയലാറിന്റ വീര്യമുള്ള മണ്ണാണ് ആലപ്പുഴ. പാർട്ടിക്ക് അവിടെ ഒരു പ്രശ്നവുമുണ്ടാവില്ല. സുധാകരന്റെ നിലപാട് വലിയ തോതിൽ തള്ളിക്കളയുന്ന നില ആലപ്പുഴയിലെ ജനങ്ങളും സഖാക്കളും സ്വീകരിക്കും.
? കണ്ണൂരിലെ സ്ഥിതി പ്രതീക്ഷിച്ചതാണോ.
സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്നാണ് ടി.കെ. ഗോവിന്ദന്റെ പരാതി. സ്ഥാനാർത്ഥിയായി പരിഗണിക്കാൻ അവരവർ മാത്രം തീരുമാനിച്ചാൽ പോരല്ലോ. തന്റെ പേര് ഒരാളും പറഞ്ഞില്ലെന്നാണ് ആലോചനാ യോഗത്തിൽ അദ്ദേഹം പറഞ്ഞത് ഓരോരുത്തർക്കും ആരോ ആഗ്രഹങ്ങളുണ്ടാകും. മറ്റുള്ളവർക്കും അദ്ദേഹം ആ സ്ഥാനത്തിന് അർഹനാണെന്ന് തോന്നണ്ടേ. അതിന് പാർട്ടിയോട് കെറുവിച്ചിട്ട് കാര്യമുണ്ടോ? ശത്രുവിന്റെ കയ്യിലെ കോടാലിയാകേണ്ട കാര്യമുണ്ടോ? ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ല.
? പാർട്ടി സെക്രട്ടറിയുടെ ഭാര്യ മത്സരിക്കുന്നതിനെച്ചൊല്ലിയും വിവാദമുണ്ടായി.
പാർട്ടി സെക്രട്ടറിയുടെ ഭാര്യ ശ്യാമള ടീച്ചർ ഒരു വീട്ടമ്മയായി കഴിഞ്ഞവരല്ല. വിവാഹത്തിനു മുൻപു തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. തളിപ്പറമ്പിൽ ഒരു മഹിളയാകട്ടെ മത്സരിക്കാൻ എന്നു തീരുമാനിച്ചപ്പോൾ ശ്യാമളയുടെ പേര് സ്വാഭാവികമായി വരികയായിരുന്നു. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ആയതുകൊണ്ടല്ല അവർ സ്ഥാനാർത്ഥിയായത്.
? പാർട്ടിയിൽ നിന്ന് പ്രധാന ആളുകൾ പുറത്തു പോകുന്നത് തടയാനുളള്ള ജാഗ്രത വേണ്ടേ?കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് പറയുന്നവരുണ്ട്...
കോടിയേരി സഖാവിന്റ കാര്യം ഇതുമായി ബന്ധിപ്പിച്ച് പറയേണ്ടതല്ല. ആ വിയോഗം ഞങ്ങൾക്ക് വലിയ നഷ്ടമാണെന്നത് ശരിയാണ്. പക്ഷേ ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിന്റെ വിയോഗംകൊണ്ടു മാത്രം സംഭവിക്കുന്നതല്ല. ഇത്തരം കാര്യങ്ങളിൽ അദ്ദേഹം ഉണ്ടായാലും വേറൊന്നും ചെയ്യാൻ പറ്റുമെന്ന് ചിന്തിക്കുന്നില്ല. ഇതൊരു മൂല്യച്യൂതിയാണ്. ഉത്തരവാദപ്പെട്ട സഖാക്കളിൽ പോലും വല്ലാതെ പാർലമെന്ററി വ്യാമോഹം കടന്നുവരുന്നു. തന്റെ പേര് ആരും പറയുന്നില്ലെങ്കിൽ പിന്നെ എതിരാളികളുടെ പിന്തുണ വാങ്ങി മത്സരിച്ചുകളയാം എന്ന നില.
? പാർട്ടി ക്ലാസുകളുടെ അഭാവമുണ്ടോ.
പാർട്ടി ക്ലാസുകൾ വേണ്ടവിധം നടക്കുന്നുണ്ട്. ഇതിനെ നേരിടാൻ കഴിയുന്നില്ല എന്നതാണ് അനുഭവം. പാർട്ടി ക്ലാസ് കൊടുക്കുന്നവർ തന്നെ ഈ നിലയിൽ മാറുന്നു.
? പാർട്ടിയെ മാത്രമേ ഭയമുള്ളൂ എന്ന് സി.എം പറയാറുണ്ട്. പക്ഷേ പാർട്ടിയും സർക്കാരും അങ്ങുതന്നെയാണെന്ന അഭിപ്രായവും ചിലർ പറയുന്നു.
അതൊക്കെ എതിരാളികൾ പറയുന്നതാണ്. പാർട്ടിക്ക് കീഴ്‌പ്പെട്ടാണ് എല്ലാവരും നിൽക്കുന്നത്. അതാണ് ഞങ്ങളുടെ പൊതുവായ രീതി.
? മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ മരുമകൻ എന്നു പറഞ്ഞ് വിമർശിക്കുന്നതിനെക്കുറിച്ച്...
അത് ഞങ്ങളെയൊക്കെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഹീനമായ ശ്രമം. അതൊന്നും ഞങ്ങളെ തകർക്കില്ല. ഞങ്ങളുടെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണ്. അതിന് ഇളക്കം തട്ടുമ്പോഴേ തകരൂ.
? അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉലയ്ക്കാറുണ്ടോ.
അതൊന്നും എന്നെ ബാധിക്കാറില്ല. അത് ആലോചിച്ച് സമയം കളയാറില്ല. ഒരു കുറ്റബോധവും മനസ്സിലില്ലാത്തുകൊണ്ടാണ്. തെറ്റുചെയ്തവർക്കു മാത്രമേ വിമർശനം വരുമ്പോൾ ചെയ്ത തെറ്റിനെക്കുറിച്ച് കുറ്റബോധമുണ്ടാകൂ.
? ജീവിതത്തിൽ നിഴൽ പോലെ എപ്പോഴുമുണ്ടാകുന്ന വ്യക്തിയാണ് ഭാര്യ കമല. ഭാര്യയുടെ സ്വാധീനം എങ്ങനെയാണ്.
കുടുംബത്തിന്റെ ഒരു സ്വാധീനം എപ്പോഴുമുണ്ടാകുമല്ലോ. ഞാൻ വീട്ടിലെത്തിയാൽ മറ്റ് തിരക്കുകളൊന്നും ബാധിക്കാറില്ല.
? കേരളം ഭരിക്കുന്നത് അത്രയെളുപ്പമാണോ.
അതിന്റേതായ പ്രയാസങ്ങൾ സ്വാഭാവികമായും ഉണ്ടാകുമല്ലോ? ഓരോ സ്ഥാനവും നിയോഗമായിട്ടാണ് കാണുന്നത്. ആ ചുമതലകൾ കൃത്യമായി നിറവേറ്റുക എന്നതാണ് പ്രധാനം.
? വ്യക്തി എന്ന നിലയിൽ ജീവിതത്തിന്റെ ആനന്ദം.
നമ്മുടെ കർമ്മമാണ്. ഓരോ മനുഷ്യനും ചെയ്യേണ്ട കർമ്മമുണ്ട്. അതിലൂടെയാണ് ആനന്ദം കിട്ടേണ്ടത്. ആ കർമ്മം ശരിയായി നിറവേറ്റുക എന്നതാണ് ഞാൻ കാണുന്നത്. ഒരു വ്യക്തി എന്ന നിലയിൽ എന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റിയാൽ ആനന്ദം ലഭിക്കും. എനിക്ക് എന്റെ പൊതുജീവിതത്തിൽ എപ്പോഴും ആനന്ദം മാത്രമാണുണ്ടായത്. ഒരു ഘട്ടത്തിലും ദു:ഖിച്ചിട്ടില്ല. ശരി മാത്രമേ ചെയ്തിട്ടുള്ളൂ.
? തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ...
സംശയം വേണ്ട; എൽ.ഡി.എഫ് അധികാരത്തിൽ വരും- നേരത്തേയുള്ളതിലും കൂടുതൽ സീറ്റുകളോടെ.
(അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവിയിൽ ഞായർ 8 മണിക്ക് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |