SignIn
Kerala Kaumudi Online
Thursday, 23 April 2026 7.23 PM IST

കൊടുംചതിയിൽ പരിഭവം  ഉള്ളിലൊതുക്കി വാഴയ്ക്കൻ

Increase Font Size Decrease Font Size Print Page
vazha

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞതു പോലായി ഏറ്റുമാനൂരിൽ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ അവസ്ഥ. ഒരുലക്ഷത്തോളം പോസ്റ്ററുകളും ഇരുപത്തിയ്യായിരത്തോളം ഫ്ലക്സ് ബോർഡുകളും ലക്ഷക്കണക്കിന് നോട്ടീസും അച്ചടിച്ച് കഴിഞ്ഞപ്പോഴാണ് അവസാന നിമിഷം നാട്ടകം സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത്.

'നല്ല നാടിനായി നമ്മളിലൊരാൾ എന്ന ടാഗ് ലൈനോടെ വാഴയ്ക്കന്റെ ചിത്രത്തോട് കൂടിയ ഫ്ലക്സും പോസ്റ്ററുമാണ് അടിച്ചിറക്കിയത്. പ്രസിൽ അട്ടി അടുക്കിവച്ചിരിക്കുന്ന പോസ്റ്ററിന്റെയും ഫ്ലക്സ് ബോർഡിന്റെയും ചെലവ് കാശ് 'ഗോവിന്ദ'യാകാനാണ് സാദ്ധ്യത! നാട്ടകത്തെയും, ജി. ഗോപകുമാറിനെയുമായിരുന്നു ആദ്യം മുതൽ ഏറ്റുമാനൂരിലേക്ക് പരിഗണിച്ചത്. ഈഴവ സ്ഥാനാർത്ഥിയ്ക്ക് പകരം ക്രിസ്ത്യനായാൽ ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ച് വി.എൻ.വാസവനെ തറപറ്റിക്കാമെന്ന് വിശ്വസിപ്പിച്ച് ഐ ഗ്രൂപ്പ് നേതാക്കളാണ് വാഴയ്ക്കനെ ഉയർത്തിക്കൊണ്ടു വന്നത്. അവസാനം നാട്ടകത്തെ കാഞ്ഞിരപ്പള്ളിക്ക് മാറ്റുമെന്ന് വിശ്വസിപ്പിച്ചാണ് വാഴയ്ക്കനെക്കൊണ്ട് പോസ്റ്ററും ഫ്ലക്സും അടുപ്പിച്ചത്. കോൺഗ്രസ് മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലേക്കൊന്നിൽ വാഴയ്ക്കനെ പരിഗണിക്കാതെ തഴഞ്ഞത് എന്തായാലും മോശമായിപ്പോയെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

വാഴയ്ക്കൻ മാന്യനായത് കൊണ്ട് പരിഭവമുള്ളിലൊതുക്കി കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കുകയാണ്. 'അവസാന നിമിഷം വരെ ഏറ്റുമാനൂരിൽ തന്റെ ഒറ്റപ്പേരായിരുന്നു നേരം വെളുത്തപ്പോൾ പേര് വെട്ടിപ്പോയെന്നും മാത്രം ഫേസ് ബുക്കിൽ ഇത്രയേ കുറിച്ചുള്ളൂ. ഒറ്റപ്പേര് വന്നാൽ മാറ്റത്തിന് സാദ്ധ്യതയില്ലാതിരുന്നതിനാലാണ് പ്രചാരണത്തിനുള്ള സമയക്കുറവ് കണക്കിലെടുത്ത് പോസ്റ്ററും ഫ്ലക്സും അടിപ്പിച്ചത്. പ്രമുഖ വ്യക്തികളെ നേരിൽക്കണ്ട് പിന്തുണയും തേടിയിരുന്നു . റോഡ് ഷോയും പ്ലാൻ ചെയ്തു. 'ജോസഫ് വാഴയ്ക്കൻ രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസ് പതാക പിടിച്ചാണ് അവസാനവും കൈയിൽ കോൺഗ്രസിന്റെ മൂവർണക്കൊടി മാത്രമേ ഉണ്ടാവൂ' എന്നുമാത്രം പറഞ്ഞ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ച് റിബലായി മത്സരിക്കാതെ രാഷ്ട്രീയ മാന്യത കാട്ടിയ പ്രിയ സുഹൃത്ത് വാഴയ്ക്കന് ചുറ്റുവട്ടത്തിന്റെ ബിഗ് സല്യൂട്ട്. മൂവാറ്റുപുഴയിൽ നിന്ന് മത്സരിച്ച് എം.എൽ.എയായി പിന്നീട് അവിടെ മറ്റൊരു സ്ഥാനാർത്ഥിയെ കൊണ്ടുവന്നു വാഴയ്ക്കനെ ഓരോ തിരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലേക്കും ഓടിപ്പിച്ച് തോൽപ്പിച്ചു നേതാക്കൾ പലരും രസിക്കുകയായിരുന്നു.

പൂഞ്ഞാറിലും ഏതാണ്ട് ഏറ്റുമാനൂരിൽ വാഴയ്ക്കനിട്ട് ചെയ്തതുപോലെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ ആദ്യാവസാനം പരിഗണിച്ച ശേഷം കറിവേപ്പിലയാക്കി എം.ജെ.സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. അലോഷ്യസിനും ഒരു സ്ഥലത്തും സീറ്റുനൽകിയില്ല. സീറ്റില്ലെങ്കിൽ ആദ്യമേ പറയുക. പറഞ്ഞു മോഹിപ്പിച്ച് അവസാനം ചതിയൻ ചന്തുവിന്റെ 'പണി' നടത്തുന്നത് ശുദ്ധ പോക്രിത്തരമാണെന്നു പറയാതെ വയ്യ !

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.