SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

വിമതരും പുതുമുഖങ്ങളും കളത്തിൽ അങ്കത്തിനൊരുങ്ങി കണ്ണൂർ

Increase Font Size Decrease Font Size Print Page
elect
അങ്കത്തിനൊരുങ്ങി കണ്ണൂർ

കണ്ണൂർ: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ വിമതരും പുതുമുഖങ്ങളുമൊക്കെ അങ്കത്തട്ടിൽ ഇറങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ കണ്ണൂരിൽ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും. പഴയകാല നേതാക്കളെയും മണ്ഡലത്തിലെ പ്രമുഖരെയും കണ്ട് അനുഗ്രഹം തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന മത്സരമാണ് കണ്ണൂരിലെ 11 മണ്ഡലങ്ങളും.

മുഖ്യമന്ത്രിയുടെ മണ്ഡലം മുതൽ സ്വന്തം കോട്ടയിൽ സി.പി.എം നേരിടുന്ന വിമത ഭീഷണി വരെ ശ്രദ്ധിക്കപ്പെടുന്നതാണ്. സ്വന്തം സ്ഥാനാർത്ഥികളെ നിർത്താതെ സി.പി.എം വിമതരെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് തന്ത്രം വിജയത്തിലെത്തുമോ എന്നും രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പേരാട്ടത്തിന് വലിയ രാഷ്ട്രീയ മാനമുണ്ട്. ഒരുകാലത്ത് ഇടതുപക്ഷ ജില്ലാ ഘടകങ്ങളിൽ സ്ഥാനം വഹിച്ചിരുന്ന വ്യക്തിത്വങ്ങൾ ഇക്കുറി യു.ഡി.എഫ് പിന്തുണയിൽ മത്സരക്കളത്തിൽ. പയ്യന്നൂരിൽ സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ. പ്രചാരണ വേദികളിൽ ആരോപണപ്രത്യാരോപണങ്ങൾ ശക്തമാണ്. എൽ.ഡി.എഫിനായി പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനും തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും രംഗത്തുണ്ട്.

കല്യാശ്ശേരിയിൽ സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ യുവ മുഖം എം. വിജിനാണ് എൽ.ഡി.എഫിനായി ഇത്തവണയും രംഗത്തുള്ളത്. പുതുമുഖമായ രാജിവൻ കപ്പച്ചേരിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ.വി. സനലാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

ഹാട്രിക് ലക്ഷ്യത്തോടെ മുഖ്യമന്ത്രി

ജില്ലയിൽ ഏറ്റവും ശ്രദ്ധേയ സീറ്റ് ഇക്കുറിയും ധർമടം തന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണ ജനവിധി തേടുകയാണ്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തിയ ചരിത്രമുണ്ടെങ്കിലും ഇക്കുറി യു.ഡി.എഫ് അട്ടിമറി സ്വപ്നവുമായി യുവനേതാവ് വി.പി. അബ്ദുൾ റഷീദിനെയാണ് ഇറക്കിയിരിക്കുന്നത്.


സണ്ണിജോസഫ് - കെ.കെ ശൈലജ പോരാട്ടം

കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് സ്വന്തം കോട്ട നിലനിർത്താൻ ഒരുങ്ങുമ്പോൾ, ആ കോട്ട തകർക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഇറങ്ങിയിരിക്കുന്നു. ഇരു നേതാക്കളും സംസ്ഥാനമാകെ ശ്രദ്ധക്കുന്നവരായതിനാൽ പേരാവൂരിലെ പോരാട്ടം ജില്ലയുടെ അതിർത്തി കടന്നും ചർച്ചയായി കഴിഞ്ഞു.


കണ്ണൂരിൽ ഒടുവിൽ ടി.ഒ. മോഹനൻ

യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന് ഏറെ നാൾ ഉത്തരം കിട്ടാതിരുന്ന മണ്ഡലം. ഒടുവിൽ മുൻ മേയർ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തതോടെ ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് ടിക്കറ്റ് കോൺഗ്രസ് എസ്സിനാണ്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ മത്സരിക്കുന്നത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് കോൺഗ്രസ് എസ് മത്സരിക്കുന്ന ഏക മണ്ഡലവും ഇതുതന്നെ.

പുതുമുഖങ്ങളുടെ പോരാട്ടം

പുതുമുഖങ്ങളുടെ പോരാട്ടമാണ് മട്ടന്നൂരും തലശേരിയും. മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും (എൽ.ഡി.എഫ്), കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും (യു.ഡി.എഫ്) തമ്മിലാണ് പ്രധാന പോരാട്ടം. തലശേരിയിലാകട്ടെ കാരായി രാജനും (എൽ.ഡി.എഫ്), കെ.പി. സാജുവും (യു.ഡി.എഫ്) ആണ് പ്രധാന എതിരാളികൾ.

യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് കണ്ണൂരിൽ ജനവിധി തേടുന്ന അഴീക്കോടും കൂത്തുപറമ്പും പുതുമുഖങ്ങളാണ് രംഗത്തുള്ളത്. അഴീക്കോട്ട് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി കൂത്തുപറമ്പിൽ ലീഗ് വനിത സ്ഥാനാർത്ഥി ജയന്തി രാജ്. കൂത്തുപറമ്പിൽ എൽ.ഡി.എഫ് ബാനറിൽ ആർ.ജെ.ഡി സ്ഥാനാർത്ഥി പി.കെ. പ്രവീണും പുതുമുഖം തന്നെ. അഴീക്കോട്ട് സിറ്റിംഗ് എം.എൽ.എ കെ.വി. സുമേഷ് സീറ്റ് നിലനിർത്താൻ രംഗത്തുണ്ട്.


ആദ്യമായി ട്വന്റി ട്വന്റി

കണ്ണൂരിൽ ട്വന്റി ട്വന്റി ആദ്യമായി മത്സരിക്കുന്ന മണ്ഡലമാണ് ഇരിക്കൂർ. പി. ശ്രീനാഥാണ് ട്വന്റി ട്വന്റി പ്രതിനിധിയായി എൻ.ഡി.എയ്ക്കു വേണ്ടി മത്സരക്കുന്നത്. യു.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ സജീവ് ജോസഫ് രണ്ടാം തവണ ജനവിധി തേടുമ്പോൾ കേരള കോൺഗ്രസ് എം ടിക്കറ്റിൽ അഡ്വ. മാത്യു കുന്നപ്പള്ളിയാണ് എൽ.ഡി.എഫ് ഭാഗത്ത്.

TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.