
ഗുരുഗ്രാം: റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മ്മയും നഴ്‌സായ കാജലും ഹരിയാന ഗുരുഗ്രാമിലെ നഴ്‌സിംഗ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു. മണിക്കൂറുകളോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന അവരുടെ ബന്ധം സൗഹൃദമായി. പ്രണയമായി. ഒടുവില്‍ കഴിഞ്ഞ നവംബറില്‍ വിവാഹം.
നാല് മാസങ്ങള്‍ക്കിപ്പുറം സ്ത്രീധനത്തിന്റെ പേരില്‍ അരുണ്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അരുണ്‍ കാജലിനെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ നിസാര കാര്യങ്ങള്‍ക്കായി കാജലുമായി വഴക്കിടുന്നത് പതിവായിരുന്നു.
കഴിഞ്ഞ നാലിന് ഹോളി ആഘോഷങ്ങള്‍ക്കായി ഇരുവരും കാജലിന്റെ വീട്ടിലെത്തി. 17ന് മദ്യലഹരിയിലെത്തിയ അരുണ്‍ കാജലിനെ ക്രൂരമായി മര്‍ദ്ദിച്ചു. തൊട്ടടുത്ത ദിവസം രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാജലിനെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. മിനിറ്റുകള്‍ക്കുള്ളില്‍ മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയില്‍ കാജലിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടോയ്ലെറ്റില്‍ നിന്ന് സിറിഞ്ച് കണ്ടെടുത്തതോടെ ബന്ധുക്കള്‍ക്ക് സംശയമുണ്ടായി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലുടന്‍ ഏത് വിഷമാണ് കുത്തിവച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |