
3-2ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മാഡ്രിഡിലെ വമ്പന്മാർ തമ്മിലുള്ള ഡർബി മാച്ചിൽ ജയം റയൽ മാഡ്രിഡിന്. രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് റയൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയത്.
റയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 33-ാം മിനിട്ടിൽ അഡിമൂല ലൂക്ക്മാനിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം സ്കോർ ചെയ്തത്.ഈ ഗോളിന് ആദ്യ പകുതിയിൽ അത്‌ലറ്റിക്കോ ലീഡ് ചെയ്തു. 52-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയർ റയലിന് സമനില നൽകി. 55-ാം മിനിട്ടിൽ നായകൻ ഫെഡറിക്കോ വൽവെർദേ റയലിനെ മുന്നി ലെത്തിച്ചെങ്കിലും 66-ാം മിനിട്ടിലെ നഹുവേൽ മൊളീനയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ കളി വീണ്ടും സമനിലയിലാക്കി. 73-ാം മിനിട്ടിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ പാസിൽ നിന്ന് വിനീഷ്യസ് ജൂനിയറാണ് റയലിന്റെ വിജയഗോൾ നേടിയത്. 78-ാം മിനിട്ടിൽ വൽവെർദേയ്ക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നെങ്കിലും മറ്റൊരു ഗോൾ വഴങ്ങാതെ നിശ്ചിതസമയം പൂർത്തിയാക്കാൻ റയലിന് കഴിഞ്ഞു.
ഈ വിജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ റയോ വയ്യക്കാനോയെ 1-0ത്തിന് തകർത്ത ബാഴ്സലോണ 29 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ഒന്നാമതുണ്ട്.24-ാം മിനിട്ടിൽ റൊണാൾഡ് അറൗജോ നേടിയ ഗോളിനാണ് ബാഴ്സ റയോയെ തോൽപ്പിച്ചത്. 57 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുനിന്ന് നാലാമതായപ്പോൾ സോസിഡാഡിനെ 3-1ന് തോൽപ്പിച്ച വിയ്യാറയൽ 58 പോയിന്റുമായി മൂന്നാമതേക്കുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |