
പട്ടാമ്പി: ഒമാനിലെ ബർക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സൗത്തിലെ തച്ചറായത്തൊടിയിൽ റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് രക്ഷാപ്രവർത്തകർ കടൽഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ബർക്ക ആശുപത്രി മോർച്ചറിയിൽ മൃതദേഹമെത്തിച്ച് തുടർ നടപടി സ്വീകരിച്ചു തുടങ്ങി. തൃത്താല സൗത്ത് തച്ചറതൊടിയാൽ മുഹമ്മദ്കുട്ടിയാണ് ഭർത്താവ്. റംലത്തിന്റെയും ദുരന്തത്തിൽ മരിച്ച ഇവരുടെ മകൻ ഫഹദ് യൂസുഫിന്റെയും മൃതദേഹം ഒമാനിലെ ബർക്കയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഒമാനിലെ മിന്നൽ പ്രളയത്തിൽ വാഹനം ഒഴുക്കിൽപ്പെട്ട് മരിച്ച തൃത്താലക്കാരുടെ എണ്ണം ഇതോടെ മൂന്നായി. കഴിഞ്ഞ ശനിയാഴ്ച രാത്രി 8ഓടെയാണ് സംഭവം. പട്ടിത്തറ കരിമ്പ കോട്ടേപാടം മാളിയേക്കൽ ഷംന ലുബിഷാദ് ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ആറ് പേർരക്ഷപ്പെട്ടു. ഷംനയുടെ മൃതദേഹം ഇന്നലെ നാട്ടിലത്തിച്ച് പട്ടിശ്ശേരി പള്ളിയിൽ സംസ്കരിച്ചു. ലുബ്ഷാദിന്റെയും ഫഹദ് യൂസുഫിന്റെയും കൂടുംബങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. വലിയ നീർച്ചാൽ കുറുകെ കടക്കുന്നതിനിടെ കുത്തി ഒലിച്ചെത്തിയ മല വെള്ളപ്പാച്ചലിൽ കാർ ഒഴുകി പോവുകയായിരുന്നു. നാല് കുട്ടികൾ ഉൾപ്പടെ 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികളും ഷംനയുടെ ഭർത്താവ് മാളിയേക്കൽ ലുബിഷാദും യൂസഫ് ഫഹദിന്റെ ഭാര്യ ഫർസുവും ഉൾപ്പെടെ ആറ് പേരാണ് രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ കാർ ഒഴുകി പോയി. ഷംനയുടെയും ഫഹദ് യൂസഫിന്റേയും മൃതദേഹം സംഭവ ദിവസം തന്നെ കിട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |