
ഗുവാഹത്തി: ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അസാം യുവജന ക്ഷേമ - കായിക മന്ത്രി നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നു. ഹാഫ്‌ലോംഗിൽ നടന്ന ചടങ്ങിലാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിതയുടെ നിലവിലെ മണ്ഡലമായ ഹാഫ്‌ലോംഗിൽ മത്സരിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻലവലിച്ചാണിത്.
'നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി അവർ ദിമാ ഹസാവോയുടെ ശബ്ദമാണ്' കോൺഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു. അതേസമയം, ബി.ജെ.പി നന്ദിതക്ക് പകരം പുതുമുഖമായ രൂപാലി ലാങ്‌താസയെ മത്സരിപ്പിക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞായറാഴ്ച ഹാഫ്‌ലോംഗിലുള്ള നന്ദിത ഗാർലോസയുടെ വീട് സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുനയ ശ്രമം ഉണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ,കൂടിക്കാഴ്‌ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
2021ൽ തിരഞ്ഞെടുക്കപ്പെട്ട ഗോർലോസ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഖനി, ധാതുക്കൾ, ഗോത്ര വകുപ്പുകൾ എന്നിവ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും. മേയ് നാലിന് വോട്ടെണ്ണൽ നടക്കും.
മൂന്ന് സിറ്റിംഗ്
എം.എൽ.എമാരെ
ഒഴിവാക്കി
ബരാക് വാലിയിൽ ബി.ജെ.പി മൂന്ന് സിറ്റിംഗ് എം.എൽ.എമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇവരിൽ നിഹാർ രഞ്ജൻ ദാസ് പാർട്ടിയിൽ നിന്ന് രാജിവച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയെ കണ്ട ശേഷം സ്വതന്ത്രനായി മത്സരിക്കില്ലെന്ന് അറിയിച്ചു.
മറ്റൊരു മുൻ ബി.ജെ.പി എം.എൽ.എ അമർ ചന്ദ് ജെയിൻ കോൺഗ്രസിൽ ചേർന്നു. കട്ടിഗോറയിൽ സ്ഥാനാർത്ഥിയാകും. അതേസമയം, സംസ്ഥനത്ത് 19 സിറ്റിംഗ് എം.എൽ.എമാർക്ക് ഇത്തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതിൽ പലരും വിമതരായി മത്സരിക്കാനൊരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |