
കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ജീവിതം പ്രമേയമാക്കിയതെന്ന് പറയപ്പെടുന്ന 'അണലി' വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ഐ.ടി നിയമപ്രകാരം മറ്റുസംവിധാനങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
ജിയോ ഹോട്ട്സ്റ്റാർ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സീരീസ് പുറത്തിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ജോളി ജോസഫാണ് ഹർജി നൽകിയത്. വെബ് സീരീസ് തന്നെ അപകീർത്തിപ്പെടുത്തുമെന്നും കേസിലെ വിചാരണയെ ബാധിക്കുമെന്നുമായിരുന്നു വാദം.
ജോളിയുടെ പരാതി നേരത്തെ വാർത്താവിനിമയ മന്ത്രാലയം ജിയോ ഹോട്ട്സ്റ്റാറിന്റെ ഗ്രീവൻസ് സെല്ലിന് കൈമാറിയിരുന്നു. കമ്പനി പരാതി തള്ളിയ സാഹചര്യത്തിൽ, ഐ.ടി ചട്ടങ്ങൾപ്രകാരം അപ്പീൽ നൽകാൻ ഹർജിക്കാരിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ നൽകിയാൽ വൈകാതെ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |