കാടുകയറി പാറക്കുളം
പോത്തൻകോട്: കുടിവെള്ള പദ്ധതികൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും, ദാഹം മാറാതെ പോത്തൻകോട്.വേനൽ കടുത്തതോടെ,പോത്തൻകോട് പ്രദേശത്തെ ഒട്ടുമിക്ക കിണറുകളിലെയും നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. ഇതോടെ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.കുടിവെള്ളക്ഷാമം പരിഹരിക്കാൻ,സർക്കാരും ഗ്രാമപഞ്ചായത്തും സംസ്ഥാന ജലമിഷനുമായി ചേർന്ന് വിവിധയിടങ്ങളിൽ കോടികൾ മുടക്കി പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.എന്നാൽ ഇതുവരെയും പദ്ധതികളുടെ പ്രയോജനം പൂർണതോതിൽ ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പോത്തൻകോട് പഞ്ചായത്തിലെ പ്ലാമൂട് ചിറ്റിക്കര പാറമടയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കുടിവെള്ള പദ്ധതിയും നിശ്ചലമായിട്ട് വർഷങ്ങളായി.
പാറമടയിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള വിതരണം നടത്താമെന്ന പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ ആവശ്യം കണക്കിലെടുത്താണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടത്.എന്നാൽ ഏറെനാളായി പദ്ധതിപ്രദേശം കാടുകയറി കിടക്കുകയാണ്.എത്രയും വേഗം പദ്ധതി വഴി കുടിവെള്ളം വിതരണം ചെയ്യണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താണ് ചിറ്റിക്കര കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്
മൂന്ന് ഏക്കർ വിസ്തൃതിയിൽ ചുറ്റപ്പെട്ട് കിടക്കുന്നതും, 200 അടിയിലേറെ താഴ്ചയുള്ള ജലസംഭരണി നാട്ടുകാർ കാൽ നൂറ്റാണ്ടിലേറെയായി ഉപയോഗിക്കുന്നു.
ചിറ്റിക്കര കുടിവെള്ള പദ്ധതി
1) ചിറ്റിക്കര പാറക്കുളത്തിലെ ജലം ശുദ്ധീകരിച്ച് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാം
2) വാട്ടർ അതോറിട്ടിയുടെ മേൽനോട്ടത്തിൽ ആദ്യഘട്ടമായി 23 ലക്ഷം രൂപയും,പിന്നീട് 10 ലക്ഷം രൂപ മുടക്കി രണ്ടാംഘട്ട വികസനവും നടപ്പാക്കിയെങ്കിലും പദ്ധതി ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്
3) ജനറേറ്ററുകൾ കേടുവന്ന് പ്രവർത്തനരഹിതമായി
4) പദ്ധതി പ്രദേശം മുഴുവൻ കാടുകയറി സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി മാറി
5) വെള്ളം പാഴ്‌വസ്തുക്കൾ നിറഞ്ഞ് മലിനമായ അവസ്ഥയിൽ
പ്രദേശത്തും സമീപപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ് അധികൃതരുടെ അവഗണന കാരണം വിസ്മൃതിയിലാകുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |