SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.54 AM IST

രമേശ് ചെന്നിത്തല കേരളകൗമുദിയോട് ; മുഖ്യമന്ത്രിയൊക്കെ പിന്നീട്, യു.ഡി.എഫിന്റെ ജയം പ്രധാനം

Increase Font Size Decrease Font Size Print Page
d

കോൺഗ്രസിന്റെ പ്രചാരണ സമിതി ചെയർമാനായ രമേശ് ചെന്നിത്തല യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന നേതാക്കളുടെ മുൻ നിരയിലാണ്. പ്രചാരണത്തിരക്കിനിടയിൽ അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചപ്പോൾ.

?പ്രചാരണത്തിന് കുറച്ചു ദിവസങ്ങളെ കിട്ടിയുള്ളൂ. അത് ഗുണമാണോ, ദോഷമാണോ

വാസ്തവത്തിൽ നമ്മളെ വെട്ടിലാക്കുകയാണ് ചെയ്തത്. കേരള ചരിത്രത്തിൽ ഇതുപോലൊരു തിരഞ്ഞെടുപ്പുണ്ടായിട്ടില്ല. രണ്ടു ദിവസം ചെറിയ പെരുന്നാളായിരുന്നു. പെസഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ വീക്കാണ് വരുന്നത്. പ്രചാരണത്തിന് ഒട്ടും സമയമില്ല. എന്നാലും യു.ഡി.എഫിന്റെ വിജയത്തിന് അതൊരു തടസമാവില്ല.

?കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വിവാദമാണുണ്ടായത്

സി.പി.എമ്മിലല്ലേ പൊട്ടിത്തെറി. ജി. സുധാകരനെ പോലൊരു നേതാവ് പൊട്ടിത്തെറിച്ച് ഞങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നു. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ട് മുക്കിയതിൽ പ്രതിഷേധിച്ച് മത്സരിക്കുന്നു. പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ നിറുത്തി എന്ന് പറഞ്ഞ് കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാവ് ടി.കെ. ഗോവിന്ദൻ സ്ഥാനാർത്ഥിയാകുന്നു. വി.എസ്. അച്യുതാനന്ദന്റെ എല്ലാമെല്ലാമായിരുന്ന സുരേഷ് സ്ഥാനാർത്ഥിയാകുന്നു. മുൻ എം.എൽ.എ ഇതുവരെ കെ.ടി.ഡി.സി ചെയർമാനായിരുന്ന പി.കെ.ശശി... ഇത്രയൊക്കെയായിട്ടും കോൺഗ്രസിലാണ് പൊട്ടിത്തെറിയെന്ന് വരുത്തി തീർക്കുന്നത് ഫലം വരുമ്പോൾ കാണാം.

?എൽ.ഡി.എഫ് തുടർഭരണം ഉറപ്പാണെന്ന് പറയുന്നു. യു.ഡി.എഫ് 100സീറ്റ് ഉറപ്പിക്കുന്നു

വാസ്‌തവം ജനങ്ങൾക്കറിയാം. നൂറിലേറെ സീറ്റുകളുമായി കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും.

?ചെന്നിത്തലയാണോ അടുത്ത കേരള മുഖ്യമന്ത്രി. സുധാകരനും കുര്യനും ചെന്നിത്തലയുടെ പേര് പ്രഖ്യാപിച്ചു കഴിഞ്ഞു

എനിക്ക് അവരോട് ഒരു മറുപടിയും പറയാനില്ല. എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച അസ്ഥാനത്താണ്. പിന്നെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ അത്തരം ചർച്ചകളല്ല ഇപ്പോൾ വേണ്ടതെന്ന് ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു കഴിഞ്ഞു.

?തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ ഭൂരിപക്ഷാഭിപ്രായമാണോ മാനദണ്ഡം? അതോ എം.എൽ.എ ആകാത്തവരും പരിഗണിക്കപ്പെടുമോ

അതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും.

?കെ.സി. വേണുഗാപാലിനെയും വി.ഡി. സതീശനെയും മുൻ നിരയിലേക്ക് കൊണ്ടു വന്നതിൽ പങ്കുവഹിച്ചയാൾ എന്ന നിലയിൽ

താങ്കൾക്കല്ലേ അവസരം ലഭിക്കേണ്ടത്

ഒരു കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. കെ.സി. വേണുപാലിനെയും വി.ഡി. സതീശനെയും ഒരു ഘട്ടത്തിൽ യൂത്ത് കോൺഗ്രസിലൂടെയും കെ.എസ്.യുവിലൂടെയും വളർത്തിക്കൊണ്ടുവരുന്നതിൽ ഒരു പങ്കുവഹിക്കാൻ എനിക്കും കഴിഞ്ഞു. പാർട്ടിക്ക് വേണ്ടി നമ്മൾ പ്രവർത്തിക്കുന്ന മേഖലകളിൽ കഴിവുള്ള ആളുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നുള്ളത് നമ്മുടെയൊക്കെ കടമയാണ്. അവർ അവരവരുടേതായ രീതിയിൽ കഴിവുള്ളവരുമാണ്.

?പ്രതിപക്ഷം അമ്പേ പരാജയമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയിൽചർച്ചക്കു പോലും തയ്യാറായില്ല


ഞങ്ങൾ സഭയിൽ ആരോപണം ഉന്നയിക്കാതിരുന്നിട്ടില്ല. ഈ സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണം ഞാൻ ഉന്നയിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ അഞ്ചു വർഷവും ഉന്നയിച്ചിട്ടുണ്ട്. പിന്നെ അവിശ്വാസപ്രമേയം അവതരിപ്പിക്കാതിരുന്നത് കഴിഞ്ഞ കാല അനുഭവം കൊണ്ടാണ്. ഞങ്ങൾക്ക് 30 മിനിറ്റും മുഖ്യമന്ത്രിക്ക് മൂന്നു മണിക്കൂറും കൊടുത്ത് അദ്ദേഹത്തിന് ആരോ എഴുതിക്കൊടുക്കുന്ന പ്രസംഗം മുഴുവൻ കേൾക്കേണ്ട ദൗർഭാഗ്യം ഞങ്ങൾക്കുണ്ടായി. ഇത്തവണ അത് വേണ്ടന്നുവച്ചു.

?ബിജെപി-സി.പി.എം ഡീലാണ് പ്രധാന ചർച്ച

100 ശതമാനം ഡീലാണ്. അത് ഇപ്പോൾ തുടങ്ങിയതല്ല. 2021ൽ തുടങ്ങിയതാണ്. കഴിഞ്ഞ ഗവൺമെന്റുണ്ടായത് തന്നെ ബി.ജെ.പി.യുടെ സഹായത്തോടെയാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് മോദി ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഇവിടെ അധികാരത്തിൽ വരരുതെന്നാണ് പിണറായിയും ആഗ്രഹിക്കുന്നത്. രണ്ടുപേരും തമ്മിലുള്ള ഡീലാണിത്. 22 സീറ്റാണ് ട്വന്റി ട്വന്റിക്ക് കൊടുത്തത്. കുന്നത്തുനാട്ടിൽ മാത്രമുള്ള ഒരു പാർട്ടിക്ക് 22 സീറ്റ് കൊടുക്കുക. ആരെ സഹായിക്കാനാണ് ബി.ജെ.പി ഇത്തരമൊരു നിലപാടെടുത്തത്.

?ലീഗിന്റെ ജമാഅത്തെ ബന്ധം യു.ഡി.എഫിന് തലവേദനയാകില്ലേ


ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യു.ഡി.എഫ് ജമാഅത്തെ പിന്തുണ തേടിപ്പോയിട്ടില്ല. സി.പി.എം പി.ഡി.പിയുടെ പിന്തുണ എന്തിനാ തേടിയത്. സി.പി.എം എല്ലാകാലവും പൊതുവേദിയിൽ തള്ളിപ്പറയാറുള്ള എസ്.ഡി.പി.ഐ കേരളത്തിൽ എൽ.ഡി.എഫിനെയല്ലേ സഹായിക്കുന്നത്. ജമാഅത്തെ ഇസ്ലാമി എപ്പോഴാണ് സി.പി.എമ്മിന് അനഭിമതരായത്. കേരളജനതയുടേയും ജമാ അത്തെ ഇസ്ലാമിയുടേയും കൈകളിൽ തെളിവുകളുണ്ടല്ലോ. ഇപ്പോൾ ജമാ അത്ത് മോശവും എസ്.ഡി.പി.ഐ വിശേഷവും.

?രാഷ്ട്രീയത്തിൽ വ്യക്തി അധിക്ഷേപം കൂടി വരുന്നുണ്ടോ

ഞാൻ ഒരിക്കലും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാത്ത ഒരാളാണ്. രാഷ്ട്രീയത്തിൽ ഇത്രയും കാലം ഒരാളിനെ പോലും അത്തരത്തിൽ അധിക്ഷേപിച്ചിട്ടില്ല. ഭരണത്തിൽ ഇരുന്ന് സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ ചിലത് ചൂണ്ടി കാണിക്കേണ്ടി വരും. ഇ.എം.എസ് മുതൽ അഴീക്കോടൻ രാഘവൻ, സി.എച്ച്. കണാരൻ ഉൾപ്പെടെയുള്ള എത്രയോ പ്രമുഖ പാർട്ടി നേതാക്കൾ ആരുടെയും ഭാര്യമാർ മത്സരിച്ചില്ലല്ലോ. പാർട്ടി സെക്രട്ടറി ആയിരിക്കുന്ന ഒരു വ്യക്തി സ്വന്തം ഭാര്യക്ക് സ്വന്തം സീറ്റ് കൈമാറുന്നത് ഒഴിവാക്കേണ്ടതായിരുന്നു എന്നുമാത്രമാണ് പറഞ്ഞത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.