
ഛണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ലയിൽ നടത്തിയ ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ തീവ്രവാദികൾ ഉൾപ്പെടെ മൂന്ന് പേരെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസുമായി സഹകരിച്ചാണ് ജമ്മു കാശ്മീർ പൊലീസ് ഈ ഓപ്പറേഷൻ നയത്തിയത്. അബു ഹുറൈറ, ഉസ്മാൻ എന്നീ പാക് ഭീകരരാണ് അറസ്റ്റിലായത്. പ്രദേശവാസിയായ ജമീൽ എന്നയാളും ഇവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദികൾക്ക് വാടകവീട് എടുക്കാൻ സഹായിച്ചത് ജമീലാണ്.
അറസ്റ്റിലായവരിൽ എ പ്ലസ് വിഭാഗത്തിൽപ്പെട്ട അപകടകാരിയായ ഭീകരനാണ് അബു ഹുറൈറ. ഇന്ത്യയിലെ പാക് ഭീകര പദ്ധതികളെക്കുറിച്ച് ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്നാണ് ഇന്റലിജൻസ് ഏജൻസികൾ കരുതുന്നത്. മലർകോട്ലയിൽ പാക് ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് (എസ്ഒജി) രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
ഇതേത്തുടർന്ന് പഞ്ചാബ് പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (സിഐഎ) യൂണിറ്റിനൊപ്പം എസ്ഒജിയും മലർകോട്ലയിലെ ഷെർവാനി കോട്ട് ഗ്രാമത്തിൽ റെയ്ഡ് നടത്തി. റെയ്ഡിനിടെ, മൂന്ന് ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. അറസ്റ്റിനുശേഷം മൂന്ന് ഭീകരരെയും ശ്രീനഗർ പൊലീസിന് ട്രാൻസിറ്റ് റിമാൻഡിൽ കൈമാറി. ഭീകരർ കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഒരു സംശയവും ജനിപ്പിക്കാതെ ഇന്ത്യൻ പൗരന്മാരായി തങ്ങളുടെ ഐഡന്റിറ്റി മറച്ചുവയ്ക്കുകയായിരുന്നു ഇവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |