
ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഡൽഹി അതിർത്തിയിൽ പിടിയിൽ. ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയായ ഷബീർ അഹമ്മദ് ലോൺ ആണ് അറസ്റ്റിലായത്. ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പ്രവർത്തനം. പാകിസ്ഥാന്റെ പങ്ക് മറച്ചുവയ്ക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്.
മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബീർ. ലഷ്‌കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി ഇയാൾക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതാദ്യമായല്ല ഷബീർ പിടിയിലാകുന്നത്. 2007ൽ എകെ-47 തോക്കുകളും ഗ്രനേഡുകളുമായി ഡൽഹിയിൽ നിന്നാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. 2018-വരെ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി ബംഗ്ലാദേശിൽ തിരിച്ചെത്തി. തുടർന്ന് ലഷ്‌കർ ശൃംഖലകൾ പുനർനിർമ്മിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലഷ്‌കർ ബന്ധമുള്ള മോഡ്യുളുകളെ സുരക്ഷാ ഏജൻസികൾ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷബീറിന്റെ അറസ്റ്റ്. ഇയാളുടെ പക്കൽ നിന്ന് റിക്രൂട്ട്‌മെന്റ് ചാനലുകൾ, ഫണ്ടിംഗ് നടന്ന വഴികൾ, ഇന്ത്യയിലെ മറ്റ് ലക്ഷ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |