SignIn
Kerala Kaumudi Online
Saturday, 25 April 2026 2.36 AM IST

പോറ്റിയെ കേറ്റിയതാരാണ്...?

Increase Font Size Decrease Font Size Print Page
pinarayi-vijayan-vd-sathe

ഇനി ഒമ്പതുനാൾ. കേരളത്തിന്റെ വരുന്ന അഞ്ചുവർഷത്തെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ ബാക്കിയുള്ളപ്പോഴും വിവാദങ്ങൾക്ക് ശമനമില്ല. ശബരിമല സ്വർണക്കൊള്ളയും രാഹുൽഗാന്ധിയുടെ പാട്ടുമായിരുന്നു ഇന്നലത്തെ പ്രധാനചർച്ച. വേദിയിൽ രാഹുൽ പോറ്റിയേ കേറ്റിയേ പാട്ട് പാടിയപ്പോൾ ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയെത്തി. എതിർത്ത് സതീശൻ. പതിവുപോലെ വേറെ പണിയില്ലേ എന്ന് രാജീവ് ചന്ദ്രശേഖർ.


 പോറ്റിയെ വീട്ടിൽ കേറ്റിയതാരാണ്...?
പിണറായി വിജയൻ

പോറ്റിയെ കേറ്റിയേ തുടങ്ങിയ പാട്ടൊക്കെ പാടി രാഹുൽഗാന്ധി നടന്നോട്ടെ. അതിലൊന്നും കുഴപ്പമില്ല. ശബരിമല സ്വർണ്ണകൊള്ളക്കേസിൽ കേരളം ഭരിക്കുന്ന സർക്കാർ എന്തൊക്കെ ചെയ്‌തെന്നത്, ആരെയൊക്കെ ജയിലിലാക്കി എന്നുള്ളതെല്ലാം ജനത്തിനറിയാം. ഞങ്ങൾക്കതിൽ പേടിയൊന്നുമില്ല. പക്ഷെ ഈ പാട്ടുപാടുന്നവർ ശബരിമല അയ്യപ്പന്റെ സ്വർണംകട്ടവർ എങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ജനം അതിനെല്ലാം രാഹുലിന് മറുപടി നൽകിയിട്ടുണ്ട്. പിന്നെ സതീശന്റെ സംവാദ വെല്ലുവിളി. ഫേസ്ബുക്കിലൂടെ സംവദിക്കൂ. മറുപടി നൽകാം. അതിനുള്ള സമയമല്ലേ ഉള്ളൂ. വിവാദം വിട്ട് വികസനത്തെക്കുറിച്ച് പറയൂ. കേരളം കഴിഞ്ഞ പത്തുവർഷംകൊണ്ട് എങ്ങിനെ മാറിയെന്ന് പരിശോധിക്കൂ. ഏത് മേഖലയിലാണ് വികസനം എത്താത്തത്. പിന്നെ വർഗീയകക്ഷികളുടെ കാര്യം. സി.പി.എമ്മോ,​ എൽ.ഡി.എഫോ ഇതുവരെ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയിട്ടില്ല. അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. ഇല്ലാത്തൊരുകാര്യത്തെ അനാവശ്യമായി ഊതിവീർപ്പിക്കാൻ നിങ്ങൾ മാദ്ധ്യമങ്ങൾക്കും സതീശനും താത്പര്യം ഉണ്ടാകും. അതിലേക്കൊന്നും ഞങ്ങളില്ല.

 സ്വർണം കട്ടവർ ഫോട്ടോ എടുത്തത് ആർക്കൊപ്പം...?

വി.ഡി.സതീശൻ

സ്വർണം കട്ടവർ എങ്ങനെ രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയെന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഒരു മറുചോദ്യമുണ്ട്. അതിനും ഉത്തരം വേണം. ശബരിമലയിൽ സ്വർണം കട്ടവർ എങ്ങനെ മുഖ്യമന്ത്രിയുടെ ഒപ്പം ഫോട്ടോയെടുത്തുവെന്ന് ആദ്യം പറയട്ടെ. എന്നിട്ടാവാം രാഹുലിനെതിരായ വിമർശനം. സ്വർണം കട്ട് ജയിലിൽപ്പോയ സ്വന്തം നേതാക്കൾക്കെതിരെ ഒരു നടപടിയും എടുക്കാതെ രാഹുൽഗാന്ധിയുടെ വീട്ടിൽപോയില്ലേയെന്ന് ചോദിക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. പിന്നെ മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയുണ്ട്. നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് കരുതിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ല. ജനങ്ങൾക്ക് മുമ്പിൽ നേരിട്ട് വരൂ. എല്ലാകാര്യത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു കള്ളം പറയുകയാണ്. ഇത്രയധികം കള്ളം പറഞ്ഞിട്ടുള്ള ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല.

ഇവർക്കിനി മറുപടി പറയാനില്ല

രാജീവ് ചന്ദ്രശേഖർ

അനാവശ്യമായ വിവാദങ്ങളാണ് ദിവസവും രണ്ടുപേരും പടച്ചുവിടുന്നത്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കാൻ പോവുകയാണെന്ന് അവർക്ക് കൃത്യമായി മനസിലായിട്ടുണ്ട്. അവർക്ക് ഒരു പേടി വന്നിട്ടുണ്ട്. അതാണ് ഓരോ ദിവസവും ഓരോ പ്രചരണങ്ങളുമായി രംഗത്തുവരുന്നത്. കോൺഗ്രസെന്തിനാണ് പേടിക്കുന്നത്, അവരാണോ കള്ളപ്പണം വെളുപ്പിക്കുന്നത്. വികസനത്തെക്കുറിച്ചോ, നാടിന്റെ ഭാവിയെക്കുറിച്ചോ, കുട്ടികളുടെ ഭാവിയെക്കുറിച്ചോ പറയാൻ കോൺഗ്രസിന് ഒരു താത്പര്യവുമില്ലല്ലോ. എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞു. കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വികരിക്കുന്നു. ഇവർ തമ്മിൽ എന്താണ് വ്യത്യാസമാണുള്ളത്. പത്തുകൊല്ലം മുമ്പ് എല്ലാം ശരിയാകും എന്ന് പറഞ്ഞ പാർട്ടി ഇന്ന് ജയിക്കാൻ എസ്.ഡി.പി.ഐയുടെ കാലുപിടിക്കുന്ന ഗതികേട് ഈ സംസ്ഥാനത്തേയും രാജ്യത്തേയും എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.