SignIn
Kerala Kaumudi Online
Wednesday, 13 May 2026 10.00 PM IST

'പാലക്കാട്ട് കണ്ടത് ബി ജെ പിയുടെ അസഹിഷ്ണുത, ഇത് സാമ്പിൾ': പിഷാരടിയെ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മ​റ്റു പലയിടത്തും കാണിച്ചതിന്റെ ഒരു സാമ്പിളാണ് പാലക്കാട്ട് ഇന്നലെ കണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു.സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ബേപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കു​റ്റപ്പെടുത്തി.


ഇന്നലെ രാത്രിയിലായിരുന്നു പിഷാരടിയെ തടഞ്ഞത്. സ്ഥാനാർത്ഥി പര്യടനത്തിനായി വടക്കന്തറയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒരുസംഘം ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെയും ഒപ്പമുള്ളവരെയും തടയുകയായിരുന്നു.വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു തടഞ്ഞതെന്നാണ് പിഷാരടി പറയുന്നത്.

'നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് ദേഷ്യത്തോടെ കടന്നുവന്ന് ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് ഒച്ചയുയർത്തി ബഹളമുണ്ടാക്കുകയായിരുന്നു. സ്ത്രീ ആയതിനാൽ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു'- പിഷാരടി പറഞ്ഞു. ബിജെപിയുടെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു പിഷാരടിയുടെ കുറ്റപ്പെടുത്തൽ.

പിഷാരടിയെ തടഞ്ഞ നടപടിയെ വിമർശിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. രമേഷ് പിഷാരടി തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തടഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

TAGS: CM, PINARAI, RAMESH PISHARODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA