
പാട്‌ന: നൃത്തസംഘത്തിന് നേരെ പാട്‌ന റെയിൽവേ സ്റ്റേഷനിൽ വംശീയാധിക്ഷേപം. അരുണാചൽപ്രദേശിൽ നിന്നുള്ള കലാകാരികൾക്ക് നേരെയാണ് അധിക്ഷേപം ഉണ്ടായത്. ഇവരെ സ്‌ത്രീകളുടെ വിശ്രമമുറിയിലെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്‌തു. ഇവിടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയാണ് അധിക്ഷേപം നടത്തിയത്. ഇവർ നൃത്തസംഘത്തിലുണ്ടായിരുന്ന സ്‌ത്രീകളോട് തിരിച്ചറിയൽരേഖകൾ ആവശ്യപ്പെടുകയും 'മോമോസ്','ചിങ്കി' 'ചൈനീസ്' തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തി ആക്ഷേപിക്കുകയും ചെയ്‌തു. ആർപിഎഫ് ജീവനക്കാരും വനിതാജീവനക്കാരും ഇടപെട്ട് പ്രശ്‌നം ഉടൻതന്നെ പരിഹരിച്ചെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയരീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. വംശീയാധിക്ഷേപം ഭയന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാൻ ഭയപ്പെടുന്നുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിൽ പലരും നിരാശ പ്രകടിപ്പിച്ചു. അതേസമയം, പാട്‌ന നിവാസികൾ സോഷ്യൽമീഡിയയിലൂടെ ദുരനുഭവം നേരിട്ടവരോട് ക്ഷമാപണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |