
തൃശൂർ: വാടാനപ്പള്ളിയിൽ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളി ബിജെപി നേതാവും നടനുമായ ദേവൻ. കോൺഗ്രസ് എപ്പോഴും നുണ പറയുന്ന പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടയിലാണ് സുഹൃത്തിന്റെ വീട്ടിൽ ചായ കുടിക്കാൻ കയറിയതെന്ന് ദേവൻ പറഞ്ഞു.
'രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ നീളുന്ന ചാർട്ട് ചെയ്ത പരിപാടികളാണ് എനിക്കുള്ളത്. വാടാനപ്പള്ളിയിലെ ഒരു കുടുംബയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, യോഗം തുടങ്ങാൻ അരമണിക്കൂർ വൈകുമെന്ന് അറിഞ്ഞു. ആ സമയത്താണ് അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ചായ കുടിക്കാൻ പോകാമെന്ന് തീരുമാനിച്ചത്. അവിടെ ചായ കുടിച്ചിരിക്കുമ്പോഴാണ് ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ എത്തി ബഹളം വച്ചത്'. ദേവൻ പറയുന്നു.
വീടിനോട് ചേർന്നുള്ള ഗോഡൗണിൽ കിറ്റുകൾ പാക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നത് സത്യമാണെന്നും എന്നാൽ അതിന് തന്റെ സന്ദർശനവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ വീട്ടുകാർക്ക് നാല് മാർജിൻ ഫ്രീ ഔട്ട്‌ലെറ്റുകൾ ഉണ്ടെന്നും അതിന്റെ ഭാഗമായുള്ള സാധാരണ പാക്കിംഗ് മാത്രമാണ് അവിടെ നടന്നതെന്നും ദേവൻ പറഞ്ഞു. താൻ കിറ്റ് വിതരണം ചെയ്യാൻ എത്തിയതാണെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിലെ സജീവ അംഗമായ തന്നെ കോൺഗ്രസ് പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് ദേവൻ ആരോപിച്ചു. 'കോൺഗ്രസ് ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. ഞാൻ അവിടെ എത്തിയപ്പോൾ കിറ്റ് വിതരണമാണെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണ്,'- ദേവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |