വയനാട് പുനരധിവാസത്തിൽ എൽ.ഡി.എഫ് പരാജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമാവും. ആവശ്യമായ റിസോഴ്സസ് കണ്ടെത്തി വികസന പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കാനുള്ള ആത്മവിശ്വാസം യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ തിരഞ്ഞെടുപ്പ് ട്രെൻഡ്?
യു.ഡി.എഫിന് അനുകൂലം. ഭരണവിരുദ്ധ വികാരം സർവ്വ തലങ്ങളിലും പ്രകടമാണ്. അതിന്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തുടർച്ചയായ 25 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് വിജയിച്ചപ്പോൾ എല്ലാവരും അതിശയിച്ചിരുന്നു. ഈ ട്രെൻഡ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും. അത് മറികടക്കാൻ എത്ര പരിശ്രമിച്ചാലും എൽ.ഡി.എഫിന് സാധിക്കില്ല.
എൽ.ഡി.എഫ്-എസ്.ഡി.പി.ഐ ഡീൽ ആരോപണം അഞ്ച് വർഷത്തെ വികസനം ചർച്ച ചെയ്യാതിരിക്കാനാണെന്ന ആരോപണം സംബന്ധിച്ച്?
ശബരിമല സ്വർണ്ണക്കടത്ത്, ഖജനാവ് കാലി തുടങ്ങി നിരവധി ഭരണ പരാജയങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനിടയൽ ഡീൽ ചർച്ചയാക്കേണ്ട ആവശ്യമില്ല. ഡീൽ നടത്തിയതിനാലാണ് ചർച്ച ചെയ്യേണ്ടി വരുന്നത്. ചില മണ്ഡലങ്ങളിൽ ഡീൽ രൂക്ഷമാണ്. അവ ഏതൊക്കെയെന്ന് പറയാതെ തന്നെ ജനങ്ങൾക്ക് അറിയാം.
വയനാട് പുനരധിവാസത്തിൽ കോൺഗ്രസ് പരാജയമാണെന്ന എൽ.ഡി.എഫ് വാദം?
പുനരധിവാസത്തിൽ ആദ്യത്തെ ഉത്തരവാദിത്വം സർക്കാരിനാണ്. നിലവിൽ വാസയോഗ്യമായ വീടായി ഒന്ന് പോലും പണിതീർന്നിട്ടില്ല. അതിനാൽ, അവർക്ക് കുറ്റം പറയാൻ യാതൊരു അവകാശവുമില്ല. തിരഞ്ഞെടുപ്പ് അടുത്തിട്ട് പോലും എൽ.ഡി.എഫ് പുനരധിവാസത്തിൽ ശ്രദ്ധ പുലർത്തിയിട്ടില്ല.
എസ്.ഡി.പി.ഐ വോട്ട് യു.ഡി.എഫ് സ്വീകരിക്കുമോ? വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമോ?
എസ്.ഡി.പി.ഐ അവരുടെ വോട്ട് എൽ.ഡി.എഫിനാണെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് യു.ഡി.എഫ് അതിന് പുറകെ പോകുന്നത്. വെൽഫെയർ പാർട്ടി രാഷ്ട്രീയ പരമായ കാരണങ്ങളാൽ യു.ഡി.എഫിനാണ് വോട്ട് നൽകുക എന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അത് സ്വീകരിക്കാതിരിക്കേണ്ട ആവശ്യമില്ല.
മാദ്ധ്യമങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ?
മാദ്ധ്യമ സർവ്വേയിൽ ഊന്നൽ യു.ഡി.എഫിനാണെങ്കിലും പിശുക്കിയേ തരുന്നുള്ളൂ. മറ്റ് പാർട്ടികളെ പിണക്കാതിരിക്കാനാവാം ഇങ്ങനെ ചെയ്യുന്നത്. ഫലം വരുമ്പോൾ വിജയം യു.ഡി.എഫിന് സുനിശ്ചിതമായിരിക്കും.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളിലെ പെരുമാറ്റം സംബന്ധിച്ച് യുഡി.എഫ് ഉയർത്തുന്ന വാദം?
പലർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവാം. എന്നാൽ ഞാൻ വ്യക്തിപരമായി ആരെയും ലക്ഷ്യം വെച്ച് സംസാരിക്കാറില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |