
കൊച്ചി: പിണറായി സർക്കാരിന്റെ കോടികളോടുള്ള അതിമോഹമാണ് കേരളത്തെ തകർത്തതെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ. പിണറായി സർക്കാരിന്റെ അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം. കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമായിരുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുൻ ജലസേചന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ പുറത്തുവിട്ടു.
'തോട്ടപ്പിള്ളി സ്‌പിൽവേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുൻപ് തുറക്കേണ്ടതാണ്. എക്‌സിക്യൂട്ടിവ് എഞ്ചിനീയർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാൽ താഴെയുള്ള മണൽകെട്ട് വെള്ളം കൊണ്ടുപോകും. മേരി മാതാ എന്ന കോൺട്രാക്‌ടർമാരാണ് അതിന്റെ കരാർ എടുത്തിരിക്കുന്നത്. ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ് കരാർ കൊടുത്തിരിക്കുന്നത്. മറിച്ചുവിറ്റാൽ 2000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടും.
മണിയാർ പ്രോജക്‌ട് ഇറിഗേഷൻ വകുപ്പിന്റേതാണ്. ഇലക്‌ട്രിസിറ്റിയുടെ പ്രോജക്ടിലും കറണ്ട് എടുക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. മണിയാറിൽ വെള്ളം നിറയ്ക്കാൻ പാടില്ല. എന്നാൽ കരാറുകാർക്കുവേണ്ടി ഷട്ടറിട്ട് വെള്ളം നിറച്ചു. ഇതിനിടെ ഒരു മരം അവിടെ വീണു. വെള്ളം നിറച്ച് എട്ടുകോടി രൂപയാണ് അവർ ഉണ്ടാക്കിയത്. വെള്ളം കൂടുതലായി വന്നപ്പോൾ അടിയിലെ സ്ളൂയിസ് തുറന്നതാണ് ചെങ്ങന്നൂർ നശിക്കാൻ കാരണം'-എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കെ കൃഷ്ണൻകുട്ടി പറയുന്നത്.
തോട്ടപ്പിള്ളി സ്പിൽവേ തുറക്കാതിരുന്നത് മണ്ണ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണെന്ന് മുൻ ജലസേചന മന്ത്രി പറഞ്ഞതായി മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ കീഴിലുള്ള എക്സിക്യൂട്ടീവ് ഓർഡറിലെ കാര്യം ചെയ്ത് കോടികളുടെ ലാഭമുണ്ടാക്കിയെന്ന് കുഴൽനാടൻ ആരോപിച്ചു. സുരക്ഷ നോക്കാതെ കോടികളുടെ താത്‌പര്യത്തിനായി വെള്ളം പിടിച്ചുവച്ച് പിന്നീട് ഡാം തുറന്നതാണ് ചാലക്കുടി തകർന്നത്. കേരളം തകർന്നതല്ല കേരളം തകർത്തുതരിപ്പണമാക്കിയതാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |