SignIn
Kerala Kaumudi Online
Tuesday, 07 April 2026 7.34 PM IST

ഇന്ത്യക്കാരെല്ലാം സൂക്ഷിക്കണം; ആയിരക്കണക്കിന് രോഗികൾ, 98 കുട്ടികൾ ഉൾപ്പെടെ 100പേർ മരിച്ചു, ആശുപത്രികൾ നിറഞ്ഞു

Increase Font Size Decrease Font Size Print Page
patients

ലോകത്ത് പണ്ടുകാലം മുതലേ ആശങ്കയുണ്ടാക്കുന്നവയാണ് പകർച്ചവ്യാധികൾ. ഏത് രാജ്യത്ത് വന്നാലും സമ്പ‌ർക്കത്തിലൂടെ ലോകം മുഴുവൻ വ്യാപിക്കാനുള്ള ശേഷി ഈ രോഗത്തിനുണ്ട്. അതിനുദാഹരണമാണ് കൊവിഡ്. ചൈനയിലാണ് ആദ്യം ഉണ്ടായതെങ്കിലും ലോകത്തിന്റെ എല്ലാ കോണിലേക്കും രോഗം വ്യാപിച്ചു.

അത്തരത്തിൽ മറ്റൊരു രോഗം ബംഗ്ലാദേശിൽ രൂക്ഷമായിത്തുടങ്ങി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മീസിൽസ് അഥവാ അഞ്ചാംപനിയാണ് ബംഗ്ലാദേശിൽ പടർന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കനുസരിച്ച് 98 കുട്ടികൾ ഉൾപ്പെടെ 100 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലും ആശങ്ക ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ ആയിരക്കണക്കിന് രോഗികൾ അഞ്ചാംപനി ബാധിച്ച് ബംഗ്ലാദേശിൽ ചികിത്സ തേടി. സാഹചര്യം ഗുരുതരമായതോടെ ഞായറാഴ്‌ച മുതൽ അടിയന്തര വാക്‌സിനേഷൻ കാമ്പയിനും ആരംഭിച്ചു. ഈ സാഹചര്യവും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതിന്റെ കാരണവും പരിശോധിക്കാം.

എന്താണ് അഞ്ചാംപനി?

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിലൊന്നാണ് അഞ്ചാംപനി. രോഗബാധിതർ ചുമയ്‌ക്കുമ്പോൾ അല്ലെങ്കിൽ തുമ്മുമ്പോഴാണ് രോഗം പടരുന്നത്. ഏത് പ്രായക്കാരെയും ഈ രോഗം ബാധിച്ചേക്കാമെങ്കിലും കുട്ടികളിലാണ് ഇവ കൂടുതലായി കാണുന്നത്. തലച്ചോറിലെ വീക്കം, കടുത്ത ശ്വാസതടസം എന്നിവയ്‌ക്കുൾപ്പെടെ അഞ്ചാംപനി കാരണമായേക്കാം. കടുത്ത പനി, തലവേദന, കണ്ണിൽ ചുവപ്പ് നിറം, കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുക, ചുമ, തുമ്മൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

child

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം 95,000 അഞ്ചാംപനി മരണങ്ങൾ സംഭവിക്കുന്നുണ്ട്. പ്രധാനമായും അഞ്ച് വയസിന് താഴെയുള്ള വാക്‌സിനേഷൻ എടുക്കാത്ത കുട്ടികളിലാണ് ഇത് പിടിപെടുന്നത്. ഈ രോഗത്തിന് പ്രത്യേക ചികിത്സയില്ല. ജനസംഖ്യയുടെ 95 ശതമാനംപേരെങ്കിലും വാക്‌‌സിൻ എടുത്താൽ അഞ്ചാംപനി പടരുന്നത് തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.

ബംഗ്ലാദേശിലെ സ്ഥിതി

ബിബിസിയുടെ കണക്കുകൾ പ്രകാരം, മാർച്ച് 15 മുതൽ രാജ്യത്ത് 7,500 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർദ്ധനവാണിത്. കഴിഞ്ഞ വർഷം വെറും 125 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആശുപത്രികളിൽ മതിയായ കിടക്കകളില്ല. രോഗികൾ നിലത്ത് കിടക്കുന്ന സ്ഥിതിയാണെന്നും റിപ്പോർട്ടുണ്ട്.

നിലവിൽ മീസിൽസിനും റുബെല്ലയ്ക്കുമുള്ള അടിയന്തര വാക്സിനേഷൻ കാമ്പയിനാണ് രാജ്യത്ത് ആരംഭിച്ചിട്ടുള്ളത്. ആറ് മാസം മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള 1.2 ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുക എന്നതാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രി സർദാർ ഷഖാവത് ഹൊസൈൻ ബകുൾ പറഞ്ഞത്.

patient

ഇന്ത്യ അപകടത്തിൽ?

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇന്ത്യയിലും അഞ്ചാംപനി വെല്ലുവിളി ഉയർത്തുകയാണ്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ലോകാരോഗ്യസംഘടന പുറത്തുവിട്ട വിവരം അനുസരിച്ച് അ‌ഞ്ചാം പനി ബാധിക്കാൻ ഏറ്റവുമധികം സാദ്ധ്യതയുള്ള പത്ത് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഈ കാലയളവിൽ 8,035 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നിരുന്നാലും രാജ്യത്ത് രോഗം പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്.

മീസിൽസ് - റുബെല്ല (എംആർ) വാക്‌സിനിന്റെ രണ്ട് സൗജന്യ ഡോസുകൾ ഇന്ത്യയിൽ നൽകുന്നുണ്ട്. ആദ്യ ഡോസ് ഒമ്പതിനും 12 വയസിനും ഇടയിലാണ്. രണ്ടാമത്തേത് 16നും 24 വയസിനും ഇടയിലാണ് നൽകുന്നത്. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പക്ഷേ, ബംഗ്ലാദേശ് പോലെ ഇന്ത്യയിലും ജനസാന്ദ്രത കൂടുതലാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ രോഗം പടരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനാൽ, കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

TAGS: MEASLES, INDIA, BANGLADESH, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.