SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.57 AM IST

സഭ്യമായ ഭാഷയുടെ സൗന്ദര്യം ! സഭ്യമായ ഭാഷയുടെ സൗന്ദര്യം !

Increase Font Size Decrease Font Size Print Page
ss

ഭാഷാപ്രയോഗങ്ങളിലെ വൈവിധ്യങ്ങൾ ഒരു ശ്രേഷ്‌ഠഭാഷയായി അംഗീകാരമുള്ള നമ്മുടെ മലയാള ഭാഷക്കും ബാധകമല്ലേ? ഈയിടെയായി നമ്മൾ ഉന്നതരെന്നു കരുതുന്നവരുടെ ചില ഭാഷാപ്രയോഗങ്ങൾ കണ്ടുചോദിച്ചുപോയതാണേ!

''ഭാഷ, എന്നത് ആശയവിനിമയത്തിനുള്ള മാധ്യമമാണ് എന്നു മനസിലാക്കിയിട്ടില്ലാത്ത ആരെങ്കിലും നമുക്കിടയിലുണ്ടാകുമോ? ആശയങ്ങൾ,വികാരങ്ങൾ,വിവരങ്ങൾ എന്നിവ വാക്കുകളിലൂടെയോ, അടയാളങ്ങളിലൂടെയോ,ശരീരഭാഷയിലൂടെയോ(body language) ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് ആശയവിനിമയം.ലോകത്ത് നിലവിൽ 7,100-ലധികം സജീവമായ ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്.മന്ദാരിൻ,ചൈനീസ്,ഇംഗ്ലീഷ്,ഹിന്ദി,സ്പാനിഷ് എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകളിൽ ചിലത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഔദ്യോഗിക ഭാഷകളെ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും,2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 121 പ്രധാനഭാഷകളും, 19,500-ലധികം ഉപഭാഷകളും ഉപയോഗത്തിലുണ്ട്.

നല്ല ഭാഷ അഥവാ സഭ്യമായ ഭാഷ ഉപയോഗിക്കാനറിയുന്നത് ഒരു നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്.സമർത്ഥമായ ആശയവിനിമയം വ്യക്തിപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്താനും,ജോലി സ്ഥലത്തെ പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്നു.ഏതു ഭാഷയായാലും,ഭാഷാ പ്രയോഗങ്ങൾ വൈവിധ്യമാർന്നതാണ്.സന്ദർഭത്തിനനുസരിച്ച് ഔദ്യോഗികം,അനൗദ്യോഗികം,സാഹിത്യം,നാടൻ ശൈലികൾ എന്നിങ്ങനെ പല വിധത്തിൽ വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുന്നു. അർത്ഥ വ്യത്യാസങ്ങൾ,ശൈലികൾ,അലങ്കാരങ്ങൾ എന്നിവയാണ് ഭാഷയുടെ സൗന്ദര്യം.ഇവിടെ സൂചിപ്പിച്ച ഭാഷാപ്രയോഗങ്ങളിലെ വൈവിധ്യങ്ങൾ ഒരു ശ്രേഷ്‌ഠഭാഷയായി അംഗീകാരമുള്ള നമ്മുടെ മലയാള ഭാഷക്കും ബാധകമല്ലേ? ഈയിടെയായി നമ്മൾ ഉന്നതരെന്നു കരുതുന്നവരുടെ ചില ഭാഷാപ്രയോഗങ്ങൾ കണ്ടുചോദിച്ചുപോയതാണേ! 'ആ പ്രാകൃതവും, സഭ്യമല്ലാത്തതുമായ ചില ഭാഷാപ്രയോഗങ്ങൾ" നമുക്കിവിടെ കുറിക്കാൻ കഴിയില്ലെങ്കിലും! പഴമക്കാർ പറഞ്ഞിട്ടുള്ളതു കേട്ടിട്ടില്ലേ: അവന്റെ വായിൽ നിന്നും വരുന്നത് കേട്ടാലറിയാം,അവനാരാണെന്ന്! ഇതൊന്നും കേട്ടിട്ടില്ലാത്തതിനാലായിരിക്കുമോ, ഇക്കൂട്ടർ 'വായിൽ തോന്നിയത്,കോതക്ക് പാട്ടു"പോലെ പാടി നടക്കുന്നത്?."" ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, പലരും എന്തുപറയണമെന്നറിയാത്തൊരു ഭാവത്തിലായിരുന്നു.

എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:''ഭാഷ ഒരു സിദ്ധി തന്നെയാണ്. അത് സഭ്യമായും, അസഭ്യമായും ഉപയോഗിക്കുന്നവരുണ്ടാകാം.ആദ്യത്തെ കൂട്ടർ എണ്ണത്തിൽ വളരെ കുറവായിരിക്കും.കടുത്ത നിരാശയിലും,കോപത്തിലുമൊന്നും അവർ സഭ്യത കൈവെടിയില്ല.രണ്ടാമത്തെ കൂട്ടർ എന്തിനും,ഏതിനും അസഭ്യതയേയും,അശ്ലീലത്തേയും കൂട്ടുപിടിച്ചേ നടക്കൂ. അവർ വായ തുറന്നാൽ,കാണ്ടാമൃഗം പോലും ഓടും!എന്നാൽ, നാലഞ്ചുനൂറ്റാണ്ടുകളായി നമുക്ക് കേട്ടിട്ടിട്ടും, കേട്ടിട്ടും മതിയാകാത്തൊരു ജീവിതതത്ത്വശാസ്ത്രമുണ്ട് നമ്മുടെ സ്വന്തം മലയാളത്തിൽ. അതാണ് 'ജ്ഞാനപ്പാന".അതിനെ, ജീവിത ദർശനമെന്നോ,ജീവിതവീക്ഷണമെന്നോ വിളിച്ചോളു.പതിനാറാം നൂറ്റാണ്ടിൽ(1547-1640) മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഭക്തകവി,ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന പൂന്താനം നമ്പൂതിരി ലളിതമായ മലയാള ഭാഷയിൽ രചിച്ച ജ്ഞാനപ്പാന. 'ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇനിനാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ടതടിക്കു വിനാശവുമിന്നനേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍." മനുഷ്യജീവിതം ലളിതമായ ഭാഷയിൽ അദ്ദേഹം പറഞ്ഞത് നാലഞ്ചു നൂറ്റാണ്ടുകളായി മലയാളക്കരയുടെ ഉണർത്തുപാട്ടാണെന്നോർക്കണം! 'നരിചത്തുനരനായ്‌ പിറക്കുന്നു. നാരിചത്തുടനോരിയായ്‌പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ്‌ പിറക്കുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു." അഹങ്കാരം തലയ്ക്ക് പിടിച്ചവന് ഇതിനേക്കാൾ നല്ല പ്രഹരം ആർക്കാണ് നൽകാൻ കഴിയുക! 'സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ." ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും,ഇനിവരുംനാളുകളിൽ കാണാൻ പോകുന്നതുമായ കാഴ്ചയിതല്ലേ? നാലഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ ഭാഷ എത്ര സഭ്യവും,സുന്ദരവുമായിരുന്നു, അല്ലേ!"" ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ,സദസ്യരുടെയുള്ളം സഭ്യമായ ഭാഷയുടെ സൗന്ദര്യദർശനത്തിലായിരുന്നു!

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.