SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.10 PM IST

സമാധാനം ഇനിയും അകലെയോ: യു എസ് - ഇറാൻ ആദ്യഘട്ട ചർച്ച പരാജയം, അമേരിക്കൻ സംഘം മടങ്ങുന്നു

Increase Font Size Decrease Font Size Print Page
peace-talk

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകളിൽ ഉടമ്പടികളൊന്നുമില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയാണെന്നും വാർത്താസമ്മേളനത്തിൽ വാൻസ് അറിയിച്ചു.

'ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണ്. അമേരിക്കയെക്കാൾ ഇത് ഇറാനെയാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല. ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു.എന്നാൽ ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല'- വാൻസ് പറഞ്ഞു.

ചർച്ചകൾ കരാറിലെത്താതെ അവസാനിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങൾ, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായയവ്യത്യാസങ്ങളുണ്ടെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.ഇറാനും യു.എസും ബുധനാഴ്ച 14 ദിവസത്തെ വെടിനിറുത്തലിനാണ് ധാരണയിലെത്തിയിരുന്നത്. ചർച്ച പരാജയപ്പെട്ടാൽ ഇറാനുമായുള്ള യുദ്ധം പുനഃരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ തന്നെ ഭീഷണി മുഴക്കിയിരുന്നു. എന്തും നേരിടാൻ സജ്ജമെന്നായിരുന്നു ഇതിന് ഇറാന്റെ മറുപടി.


പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചർച്ചയിൽ അമേരിക്കയ്ക്കുവേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നർ എന്നിവരാണ് പങ്കെടുത്തത്. ഇറാനുവേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘവും പങ്കെടുത്തു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസീം മുനീർ എന്നിവരാണ് മദ്ധ്യസ്ഥത വഹിച്ചത്.

TAGS: NEWS 360, WORLD, WORLD NEWS, US AND IRAN, PEACE TALK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360