SignIn
Kerala Kaumudi Online
Saturday, 25 April 2026 1.48 AM IST

പതിനൊന്നെന്ന് ഇടത്, രണ്ടെന്ന് എൻ.ഡി.എ, മിറാക്കിളെന്ന് വലത് കൂട്ടിയും കിഴിച്ചും മുന്നിൽ ആത്മവിശ്വാസം !

Increase Font Size Decrease Font Size Print Page

തൃശൂർ: രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞടിച്ച ഇടതുതരംഗം ഇത്തവണയും തുടരുമെന്ന് എൽ.ഡി.എഫ്. ഇത്തവണ രാഷ്ട്രീയ അത്ഭുതമെന്ന് യു.ഡി.എഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം നിയമസഭയിലും ആവർത്തിക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്. അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നതോടെ, വിജയപ്രതീക്ഷയിൽ മുന്നണികൾ ഒപ്പത്തിനൊപ്പമാണ്. കുറഞ്ഞത് 11 സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് ഇടതു മുന്നണി. അത്ഭുതങ്ങൾ സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകളെ തള്ളി നേടിയ വൻ വിജയം നിയമസഭാ മണ്ഡലങ്ങളിലും ആവർത്തിക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്.

'ചുവപ്പുകോട്ട' കാക്കും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13ൽ 12 സീറ്റും നേടിയ ആവേശം ഇത്തവണയും എൽ.ഡി.എഫിനുണ്ട്. കഴിഞ്ഞ തവണത്തെ 12 സീറ്റുകൾ നിലനിറുത്താൻ കഴിയുമെന്നാണ് വിശ്വാസമെങ്കിലും, 11 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് പ്രാദേശിക ഘടകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം പ്രവചിക്കുന്നുണ്ടെങ്കിലും, അത് മറികടക്കാനാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. അടുത്ത ദിവസം ചേരുന്ന ജില്ലായോഗത്തിൽ കൂടുതൽ വിശദമായ പരിശോധന നടക്കും.

ഇത്തവണ 'മിറാക്കിൾ'

ഇത്തവണ 'മിറാക്കിൾ' സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. കഴിഞ്ഞതവണ ചാലക്കുടിയിൽ മാത്രമായി ഒതുങ്ങിയ യു.ഡി.എഫ്, ഇത്തവണ വൻ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ, ചാലക്കുടി, മണലൂർ മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. നാട്ടിക, വടക്കാഞ്ചേരി, ഒല്ലൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ ഇത്തവണ ചരിത്രം കുറിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന് ലഭിക്കുന്ന റിപ്പോർട്ട്. യു.ഡി.എഫിന് അനുകൂലമായ അടിയൊഴുക്ക് ജില്ലയിൽ പ്രകടമാണെന്ന് പ്രാദേശിക നേതാക്കളും പറയുന്നു.

ലോക്‌സഭ ആവർത്തിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകളെ പോലും നിഷ്പ്രഭമാക്കി നേടിയ വൻ മാർജിനിലുള്ള വിജയം നിയമസഭാ മണ്ഡലങ്ങളിലും വോട്ടായി മാറുമെന്നാണ് എൻ.ഡി.എ വിശ്വാസം. തൃശൂർ, നാട്ടിക ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വലിയ അട്ടിമറി നടക്കുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ.

പോളിംഗ് ശതമാനം കൂടിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതല്ല വസ്തുത. ഇടതുപക്ഷത്തിന്റെ മേൽക്കോയ്മയ്ക്ക് ഒരുതരത്തിലും കോട്ടം സംഭവിച്ചിട്ടില്ല. മുൻ തിരഞ്ഞെടുപ്പിനെ പോലെ മികച്ച പ്രകടനമായിരിക്കും ഇത്തവണയും.

കെ.വി.അബ്ദുൾ ഖാദർ
ജില്ലാ സെക്രട്ടറി, സി.പി.എം

യു.ഡി.എഫ് മിറാക്കിൾ സൃഷ്ടിക്കും. അടുത്തദിവസം ജില്ലാതല അവലോകന യോഗം ചേരും. ചരിത്രവിജയം യു.ഡി.എഫ് നേടും. ശക്തമായ ഭരണ വിരുദ്ധവികാരം തൃശൂരിലുണ്ടായിരുന്നു. ഇത്തവണ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു.

അഡ്വ.ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്.

ഫലം വരുമ്പോൾ ഇരുമുന്നണികളെയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരിക്കും തൃശൂരിൽ എൻ.ഡി.എ കാഴ്ച്ചവയ്ക്കുക. ചരിത്ര വിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല. തൃശൂർ ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും വിജയം നേടാനാകും.

ജസ്റ്റിൻ ജേക്കബ്
സിറ്റി ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.