
വർക്കല: കൂലി ചോദിച്ചതിന് വർക്ക്ഷോപ്പ് ഉടമയെ ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലച്ചിറ കാണവിള വീട്ടിൽ സാജനാണ് (46) ആക്രമണത്തിന് ഇരയായത്. ഇടവ സ്വദേശികളായ രണ്ടുപേർക്കെതിരെ അയിരൂർ പൊലീസ് സ്റ്റേഷനിൽ സാജൻ പരാതി നൽകി. തലയ്ക്കും കാലിനും പരിക്കേറ്റ സാജൻ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരുമാസം മുൻപ് നന്നാക്കിയ ഇരുചക്രവാഹനത്തിന്റെ കൂലി ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് പ്രതികൾ സാജനെ മർദ്ദിച്ചത്. ഇരുചക്രവാഹനം സ്റ്റാർട്ടാകുന്നില്ലെന്നും വീട്ടിൽ വന്ന് നോക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സാജനെ വിളിച്ചിരുന്നു. സാജൻ തന്റെ വർക്ക്ഷോപ്പ് ജീവനക്കാരനെ അവിടേക്ക് അയച്ച് വാഹനം റിപ്പയർ ചെയ്തു. കൂലിയായി 200 രൂപ ആവശ്യപ്പെട്ടപ്പോൾ പിന്നീട് വർക്ക്‌ഷോപ്പിൽ എത്തിക്കാമെന്ന് പറഞ്ഞു. എന്നാൽ കൂലി നൽകിയില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 10ന് സാജന്റെ വർക്ക്‌ഷോപ്പിന് സമീപത്തെ കടയിൽ വാഹനയുടമ എത്തുകയും ഇത് ശ്രദ്ധയിൽപ്പെട്ട സാജൻ 200രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇയാളും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ചേർന്ന് അസഭ്യം വിളിച്ചു.
തുടർന്ന് രണ്ടുപേരും അവിടെ നിന്ന് പോയെങ്കിലും കുറച്ച് കഴിഞ്ഞ് വാഹന ഉടമ തിരികെ കടയിൽ എത്തി, വർക്ക്ഷോപ്പിലുണ്ടായിരുന്ന ചുറ്റികകൊണ്ട് സാജനെ ആക്രമിച്ചെന്നാണ് പരാതി. സാജൻ ഒഴിഞ്ഞുമാറിയെങ്കിലും ചുറ്റിക നെറ്റിയിൽ കൊണ്ട് മുറിവും ചതവുമേറ്റു. പിന്നീട് അതേ ചുറ്റികകൊണ്ട് ശരീരമാകെ മർദ്ദിച്ചതായും,സാജന്റെ മുതുകിനും വാരിയെല്ലിനും ക്ഷതമേറ്റതായും നെറ്റിയിൽ പരിക്കേറ്റതിൽ നാലോളം സ്റ്റിച്ചുണ്ടെന്നുമാണ് പരാതി. ബോധരഹിതനായി തറയിൽ വീണ സാജന്റെ ഇടതുകാൽ പിടിച്ചു തിരിച്ചതിനാൽ മുട്ടിനും ഞരമ്പുകൾക്കും സാരമായി പരിക്കേറ്റു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയുടമയാണ് സാജനെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് അവിടെ നിന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |