അഞ്ചാലുംമൂട്: അഞ്ചാലുംമൂട് മേഖലയിലെ പ്രധാന റോഡുകൾ തകർന്ന് നാടിന് ദുരിതമായിട്ടും യാതൊരു നടപടിയുമില്ല. അഞ്ചാലുംമൂട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലൂടെ നീരാവിൽ ജുമാ മസ്ജിദ് ഭാഗം വഴി ആണിക്കുളം ചിറയിലേക്കും അഞ്ചാലുംമൂട്- കുപ്പണ- ഗണപതി മുക്ക് റോഡിൽ നിന്ന് നീരാവിൽ ജുമാ മസ്ജിദ് വഴി കുരീപ്പുഴയിലേക്കുമുള്ള റോഡുകളാണ് തകർന്നത്.
മെറ്റലും പൊടിയും വേർപിരിഞ്ഞ് കല്ലുകൾ റോഡിലാകെ വ്യാപിച്ചു. ഇതോടെ വാഹനയാത്ര അപകടകരമായി. റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. സ്കൂൾ കുട്ടികളുമായി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഈ റോഡുകളെ ആശ്രയിക്കുന്നു. കുരീപ്പുഴയിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് വേഗത്തിൽ എത്താനും ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കി സി.കെ.പി ജംഗ്ഷൻ വഴി ബൈപ്പാസിലേക്ക് കയറാനും റോഡ് സഹായകമാണ്. മഴക്കാലത്ത് വെള്ളം നിറഞ്ഞ കുഴികളുടെ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്.
പരാതിക്ക് ഫലമില്ല
ടാറില്ലാത്ത റോഡിൽ ഇപ്പോൾ പൊടിശല്യവും രൂക്ഷമാണ്.വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപറക്കുന്നത് കഠിനമാവും. കുട്ടികൾക്കും പ്രായമായവർക്കും വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഇതുണ്ടാക്കുന്നത്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കുഴികൾ അടിയന്തരമായി നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുൻഗണന പ്രകാരം കോർപ്പറേഷൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തി റോഡുകൾ നവീകരിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടപടികൾ ആരംഭിക്കും
റീജ സുഗുണൻ, കൗൺസിലർ, അഞ്ചാലുംമൂട് വെസ്റ്റ് ഡിവിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |