
കൽക്കരി ഖനികളുടെ നാടായ പശ്ചിമ ബർദ്ധാൻ ജില്ലയിൽ ദുർഗാപൂർ നഗരത്തിൽ നിന്ന് മാറി ചെറിയ കുന്നിൻ പ്രദേശത്തെ മൂന്നുനില കെട്ടിടം തൃണമൂൽ കോൺഗ്രസിന്റെ മണ്ഡലം വാർ റൂമാണ്. ഒന്നാം നിലയിൽ വലിയ മേശയ്‌ക്കു ചുറ്റിലുമിരുന്ന പ്രാദേശിക നേതാക്കൾക്ക് ബംഗാളി ഭാഷയിൽ നിർദ്ദേശം നൽകുന്നത് മുഖ്യമന്ത്രി മമതയുടെ വിശ്വസ്‌തൻ 'ദാസുദാ'.
റെയിൽവേയിൽ ജോലിയുള്ള പിതാവിനൊപ്പം 1978ൽ എത്തുമ്പോൾ എടപ്പാൾ സ്വദേശി വടക്കേപ്പാട്ട് ശിവദാസന് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. ഇന്ന് ബംഗാളിയെക്കാളും നന്നായി ബംഗാളി ഭാഷ സംസാരിക്കുന്ന,'ദാസുദാ' ആയത് സി.പി.എം തകർച്ചയും തൃണമൂൽ ഉദയവും കണ്ട രാഷ്‌ട്രീയ ഘട്ടങ്ങളിലൂടെ. നാട്ടിലെ കെ.എസ്.യു അനുഭവം വച്ച് ബംഗാളിൽ യൂത്ത് കോൺഗ്രസിൽ സജീവമായി. 1998ൽ കോൺഗ്രസ് പിളർന്ന് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതു മുതൽ മമതയുടെ വിശ്വസ്തൻ. തൃണമൂലിനൊപ്പം വളർന്നപ്പോൾ ദാസുദായായി. 11 വർഷം ബർദ്ധമാൻ ജില്ലാ പ്രസിഡന്റ്. തൃണമൂൽ സംസ്ഥാന സെക്രട്ടറിയും വക്താവുമാണ്. രണ്ടു തവണ ജമൂരിയയിലും ഒരുപ്രാവശ്യം റാണിഗഞ്ചിലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എതിരാളികളുടെ 'വരത്തൻ' പ്രചാരണം തിരിച്ചടിയായി.
പാർട്ടി ഭരിക്കുന്ന ബംഗാളിൽ ശിവദാസന് മന്ത്രിയെക്കാൾ പരിവേഷമുണ്ട്. കാവലിന് ആറു പൊലീസുകാർ (നാലുപേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ പിൻവലിച്ചു). അസൻസോളിൽ ദാസുദാ അറിയാതെ ഈച്ചപോലും അനങ്ങില്ല. മൂന്നു പരാജയങ്ങൾ കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സ്വയം തീരുമാനിച്ചപ്പോൾ മമത 'ദീദി' പാർട്ടിയെ ജയിപ്പിക്കേണ്ട ജോലി നൽകി. ഇക്കുറി പശ്ചിമ ബർദ്ധമാൻ ജില്ലയിലെ 10 മണ്ഡലങ്ങളുടെ ചുമതല. മണ്ഡലങ്ങളിൽ നേരിട്ടെത്തി പ്രചാരണം ദുർബലമായ സ്ഥലങ്ങൾക്ക് ശ്രദ്ധ നൽകും. പ്രചാരണ ചുമതലയുള്ള ഐപാക് ഏജൻസിയെയും താഴെതട്ടിലെ നേതാക്കളെയും ഏകോപിപ്പിക്കും.
തൃണമൂൽ വീണ്ടും അധികാരത്തിൽ വരുമെന്ന് ശിവദാസൻ പറഞ്ഞു. ബി.ജെ.പി 40ൽ താഴെയാകും. തൃണമൂൽ 240ന് മുകളിൽ നേടും. ബി.ജെ.പി ബംഗാൾ രാഷ്‌ട്രീയത്തിന് യോജിച്ചതല്ല. മമതയുടെ പദ്ധതികൾ നേട്ടമാകും. ഗ്രാമങ്ങൾ പാർട്ടിക്കൊപ്പം. 2021ൽ ബി.ജെ.പി അനുകൂല തരംഗമുണ്ടായിട്ടും തൃണമൂൽ ജയിച്ചു. കോൺഗ്രസും സി.പി.എമ്മും ഒറ്റയ്‌ക്ക് മത്സരിക്കുന്നതിനാൽ ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരിച്ചൊഴുകും. എസ്.ഐ.ആറും അവർക്ക് ഗുണമാകില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപേ പ്രത്യേക 'ദിദിർ ദൂത്' ആപ്പു വഴി തൃണമൂൽ എസ്.ഐ.ആറിന്റെ യഥാർത്ഥ കണക്കെടുപ്പ് നടത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുകയാണ്. പകരം നിയമിക്കുന്ന ബി.ജെ.പി നിർദ്ദേശിക്കുന്ന ആളുകൾക്ക് മേയ് 4ന് ശേഷം കാര്യങ്ങൾ മറിച്ചാകുമെന്ന് നന്നായി അറിയാം-ശിവദാസൻ പറഞ്ഞു. ഭാര്യ:രാധ,മകൻ:അനുരാഗ് (കമ്പ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |