SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.21 PM IST

ഇരകൾക്ക് ഇങ്ങനെയും ഉപദേശം: 'സാരമില്ല,​ വിട്ടുകളഞ്ഞേക്ക്!'

Increase Font Size Decrease Font Size Print Page
tcs

സ്ഥാപനത്തിലെ ഉന്നതർ എല്ലാം അറിഞ്ഞിരുന്നു

നാസിക് യൂണിറ്റിലെ ക്രിമിനൽ സംഘത്തെക്കുറിച്ച് ടി.സി.എസ് ഉന്നതർക്ക് അറിവുണ്ടായിരുന്നു. നാസിക് സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് കർണിക് കഴിഞ്ഞദിവസം അക്കാര്യം സമ്മതിക്കുകയും ചെയ്‌തു. സ്ഥാപനത്തിനകത്തു നടക്കുന്ന മതംമാറ്റ ശ്രമം, മതവികാരം വ്രണപ്പെടുത്തൽ, ലൈംഗികാതിക്രമം,​ മാനസിക പീഡനം,​ ശത്രുതയോടെ പെരുമാറൽ, അശ്ലീലച്ചുവയോടെ സംസാരിക്കൽ എന്നിവയെക്കുറിച്ച് വനിതാ ജീവനക്കാർ നിരവധ തവണ പരാതിപ്പെട്ടിരുന്നു. അതിൽ നടപടിയെടുക്കാത്ത ഡെലിവറി ഓപ്പറേഷൻസ് മേധാവി അശ്വിനി ചൈനാനി ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.

ടി.സി.എസിന്റെ നാസിക്കിലെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) യൂണിറ്റ് 5000 ചതുരശ്രയടിയുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 170-ൽപ്പരം ജീവനക്കാർ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യന്നു. അശ്വിനി ടി.സി.എസിലെത്തിയിട്ട് ഇരുപതിലേറെ വർഷമായി. പുനെ ഓഫീസിലാണ് പ്രവർത്തനമെങ്കിലും, നാസിക്ക് ഓഫീസിന്റെ ചുമതല കൂടിയുള്ളതിനാൽ മാസത്തിൽ ഒരിക്കലോ, അത്യാവശ്യ സന്ദർഭങ്ങളിലോ അവിടെ പോകും. തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്ന,​ ടി.സി.എസിലെ ആഭ്യന്തര സമിതിയിലെ അംഗം കൂടിയാണ് അശ്വിനി!

ഇപ്പോൾ അറസ്റ്റിലായ ജീവനക്കാരുടെ ചെയ്‌തികളെക്കുറിച്ച് രേഖാമൂലം പരാതി നൽകാനെത്തിയവരെ അതിൽ നിന്ന് അശ്വിനി പിന്തിരിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ക്രിമിനൽ സംഘത്തിന് അനുകൂലമായി സംസാരിച്ചു. 'എന്തിനാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കുന്നത്; അതു വിട്ടേക്കൂ" എന്നായിരുന്നുവത്രേ ഉപദേശം. അതേസമയം, സ്ഥാപനത്തിലെ സീനിയർ മാനേജർ നിതിൻ കപൂർ ഈ സംഘത്തെക്കുറിച്ച് ചൈനാനിക്ക് കത്തെഴുതിയിരുന്നു- ഒന്നല്ല; 78 ഇ- മെയിലുകൾ. ഇവ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.

സ്ഥാപനത്തിന്റെ അച്ചടക്കം ഈ ജീവനക്കാർ ലംഘിക്കുന്നുവെന്ന് ഇ- മെയിലുകളിൽ പറയുന്നു. ഓഫീസിൽ വൈകിയെത്തുന്നു. സ്ഥാപനം പ്രതീക്ഷിക്കുന്ന നിലവാരത്തിലല്ല ജോലി. വനിതകൾ അടക്കം സഹപ്രവർത്തകരോട് മോശമായി പെരുമാറുന്നുവെന്നും അറിയിച്ചു. എന്നാൽ പരാതികൾ ചെന്നു പതിച്ചത് ബധിര കർണങ്ങളിൽ. ഇതുവരെ രജിസ്റ്റ‌ർ ചെയ്‌ത ഒമ്പത് എഫ്.ഐ.ആറുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് അശ്വിനിയുടെ പേരുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഷാരൂഖ് ഖുറേഷി, റാസാ മേമൻ എന്നിവർക്കെതിരെ ജീവനക്കാരി പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നാണ് കേസ്.

സീനിയേഴ്സും

അനങ്ങിയില്ല

അശ്വിനി ചൈനാനി മാത്രമല്ല,​ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ സീനിയർ മാനേജർമാരും പരാതികളിൽ അനങ്ങിയില്ല. 2023-ൽ, പരിശീലന കാലയളവിലായിരുന്ന ജീവനക്കാരിക്കു നേരെ ലൈംഗികച്ചുവയോടെ മോശം പരാമർശമുണ്ടായി. കേസിൽ അറസ്റ്റിലായ റാസാ മേമനെതിരെയായായിരുന്നു ആരോപണം. അന്ന് ജീവനക്കാരി ഭയന്ന് പുറത്തു പറഞ്ഞില്ല. പക്ഷെ മേമൻ പിന്തുടരാൻ തുടങ്ങി. ശരീരത്തിൽ മോശം ഉദ്ദേശ്യത്തോടെ സ്‌പർശിക്കാൻ ശ്രമിച്ചു. 2023 ജൂണിൽ അവിടത്തെ ട്രെയിനിംഗ് മാനേജരോട് ഇക്കാര്യം ജീവനക്കാരി പറഞ്ഞപ്പോൾ, 'മേമനെ സൂക്ഷിക്കണമെന്നും സ്ഥാപനത്തിൽ ഒറ്റയ്‌ക്കു നടക്കരുത് എന്നു"മായിരുന്നു പ്രതികരണം!

പിന്നീട് ടീം ലീ‌ഡറോട് പരാതിപ്പെട്ടപ്പോഴും ഒറ്റയ്‌ക്കു നടക്കരുതേ എന്നായിരുന്നു ഉപദേശം. നടപടി മാത്രമില്ല. നിരന്തരം പരാതിപ്പെടുന്നത് അറിഞ്ഞ മേമൻ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചുവെന്ന് പൊലീസിനു നൽകിയ മൊഴിയിൽ ജീവനക്കാരി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ മറ്രൊരു ജീവനക്കാരനെ ചേർത്ത് കഥകളുണ്ടാക്കി മാനസികമായി പീഡിപ്പിച്ചു. 2025 നവംബറിൽ വിവാഹം കഴിഞ്ഞശേഷവും ശല്യം തുടർന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭർത്താവിനൊപ്പം ടൂർ പോകാൻ അവധി ആവശ്യപ്പെട്ടപ്പോഴും അശ്ളീലം കലർത്തിയുള്ള പരാമ‌ർശങ്ങളുണ്ടായി.

അറ് അവിവാഹിതകളും, രണ്ട് വിവാഹിതകളും, ഒരു ജീവനക്കാരനും അടക്കം പന്ത്രണ്ടിലധികം ഇരകളുണ്ടെന്നാണ് പ്രത്യേക അന്വഷണസംഘം പറയുന്നത്. എന്നാൽ പൊലീസിൽ കേസ് നൽകിയിട്ടുള്ള ഒരാൾ പോലും സ്ഥാപനത്തിന് രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് ടി.സി.എസിന്റെ വിശദീകരണം. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും ന്യായീകരിക്കുന്നു. പ്രതികളായ ഡാനിഷ് ഷെയ്ഖ്,​ തൗസിഫ് അത്തർ,​ റാസാ മേമൻ,​ ഷാരൂഖ് ഖുറേഷി,​ആസിഫ് അൻസാരി,​ ഷാഫി ഷെയ്ഖ്,​ നിദാ ഖാൻ,​ അശ്വിനി ചൈനാനി എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. സി.ഒ.ഒ ആർതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. സ്ഥാപനത്തിലെ മേൽനോട്ടസമിതി,​ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്നും ടി.സി.എസ് വ്യക്തമാക്കുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.