
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ കൂടുതൽ അദ്ധ്യാപകർക്കെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നു. മരണത്തിന് തൊട്ടുമുൻപ് നിതിനെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിചാരണ നടത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങി 18 മിനിറ്റിനുള്ളിൽ നിതിൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.
സി.സി ടിവി ദൃശ്യങ്ങളിൽ പ്രിൻസിപ്പലിനൊപ്പം അദ്ധ്യാപിക ലത ശശിധരൻ ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നതായി വ്യക്തമാണ്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടി.
നിലവിൽ ഡോ.എം.കെ.റാം, ഡോ.കെ.ടി.സംഗീത നമ്പ്യാർ എന്നിവർക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ഇരുവരും ഒളിവിലാണ്.
നിതിൻ രാജിന്റെ ശബ്ദസന്ദേശത്തിൽ ഈ രണ്ട് അദ്ധ്യാപകരെ പ്രത്യേകം പരാമർശിച്ചിരുന്നു. ആ ശബ്ദസന്ദേശം മാസങ്ങൾക്ക് മുൻപ് റെക്കാഡ് ചെയ്തതാണെന്ന് കണ്ടെത്തിയതോടെ, ഏറ്റവുമൊടുവിൽ പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭവം കൂടി അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. അതേസമയം, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിതിൻ രാജിന്റെ മരണം: 28ന് കേരള ഹർത്താൽ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാതെ, ലോൺ ആപ്പിന്റെ പേരിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്ന് നിതിൻ രാജ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. ദളിത് വിദ്യാർത്ഥികൾ അദ്ധ്യാപകരിൽ നിന്ന് ജാതിവിവേചനം നേരിടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇ-ഗ്രാന്റ് ലഭിക്കാത്തത് മൂലം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങൾക്കെതിരെ അമ്പത്തിരണ്ടോളം വരുന്ന ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ 28ന് രാവിലെ 6 മുതൽ വൈകിട്ട് 6വരെ കേരള ഹർത്താൽ നടത്തും. നിതിൻരാജ് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ്, ജനറൽ കൺവീനർ സണ്ണി എം. കപിക്കാട്, കെ. അംബുജാക്ഷൻ, അഡ്വ. പി.എ. പ്രസാദ്, പി.എം. വിനോദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |