കൊല്ലം: ബംഗളൂരു ഗൊള്ളഹള്ളിയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഐ.ടി ഉദ്യോഗസ്ഥ അഞ്ചൽ പനയഞ്ചേരി ശങ്കർ ഭവനിൽ കാർത്തിക വി.നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളായ എസ്. വേണുഗോപാലൻ നായരും കെ.ജി.ഇന്ദിരകുമാരിയും മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകി. തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 20 ന് ആണ് ഫ്ലാറ്റിലെ കുളിമുറിയിൽ കാർത്തികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
വൈകിട്ട് കാർത്തിക ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചു. അതിന് പിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയം ഭർത്താവ് ഫ്ലാറ്റിന് സമീപം ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ലിഫ്റ്റിൽ കയറാതെ ഭർത്താവ് സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യവുമുണ്ട്. 'അച്ഛാ വാ, അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ' എന്ന് ഇവരുടെ ഏകമകൾ അഞ്ച് വയസുകാരി നക്ഷത്ര പറയുന്നുണ്ടായിരുന്നുവെന്നും കാർത്തികയുടെ മാതാപിതാക്കൾ വിവരിക്കുന്നു. ഉടൻതന്നെ ഇക്കാര്യം യു.കെയിലുള്ള, കാർത്തികയുടെ സഹോദരനെ മാതാപിതാക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം അറിയുന്നത്.
21 ന് ഉച്ചയോടെയാണ് കുടുംബം ബംഗളൂരുവിൽ എത്തിയത്. കാർത്തികയുടെ ഭർത്താവിനോട് സംസാരിച്ചപ്പോൾ ജോലിയുടെ സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞു. തങ്ങൾ തമ്മിൽ വാക്കുതർക്കം നടന്നതായും പറഞ്ഞു. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകൾ, കഷ്ടിച്ച് ആറടി ഉയരമുള്ള കുളിമുറിയിൽ തൂങ്ങിമരിച്ചു എന്നതു വിശ്വസിക്കാൻ കഴിയാതായപ്പോഴാണ് ബംഗളൂരു ഹെബ്ബഗോഡി പൊലീസിൽ പരാതി നൽകിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.
തെളിവായി ചാറ്റുകളും ഫോട്ടോയും
ദീർഘനാളത്തെ പ്രണയത്തിനു ശേഷം 2017 ജൂലായ് 25 നണ് കാർത്തികയുടെ വിവാഹം. സ്വകാര്യ കോളജിലെ അദ്ധ്യാപികയായിരുന്ന കാർത്തിക ജോലി രാജിവച്ച് ഭർത്താവിനൊപ്പം ബംഗളൂരുവിലെത്തി ഐ.ടി സ്ഥാപനത്തിൽ ജോലി നേടി. മറ്റൊരു ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭർത്താവ് ഇടയ്ക്കുവെച്ച് മെക്‌സിക്കോയിലേക്ക് പോയി. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ മടങ്ങി എത്തുന്നത്. ഇതിനു ശേഷമാണ് കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായത്. ഭർത്താവിന് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചാറ്റുകളും ഫോട്ടോകളും വീഡിയോകളും ഉണ്ടെന്ന് കുടുംബം പറയുന്നു. മെക്സിക്കൻ സ്വദേശിയായ സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞതിന് ശേഷം കൊച്ചുമകളെ കാണിച്ചിട്ടില്ലെന്നും കാർത്തികയുടെ മാതാപിതാക്കൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |