തിരുവനന്തപുരം: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായി ജി.സുധാകരൻ നടത്തിയ പൂതന പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം. അരൂരിലെ തോൽവി ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. എറണാകുളത്ത് പാർട്ടി വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാർട്ടി വോട്ടുകൾ പോൾ ചെയ്തില്ലെന്നും പാർട്ടി സെക്രട്ടേറിയേറ്റ് വിമർശിച്ചു. മഞ്ചേശ്വരത്തെ ശങ്കർ റെെയുടെ വിശ്വാസ നിലപാടുകൾക്കും സെക്രട്ടേറിയറ്റിൽ വിമർശനം. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയുടെ ചില പരാമർശങ്ങൾ ന്യൂനപക്ഷത്തെ എതിരാക്കിയെന്നും സി.പി.എം വിലയിരുത്തി.
അതേസമയം, യഥാർത്ഥ പരാജയകാരണങ്ങൾ മറച്ചുവച്ച് തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തീരപ്രദേശത്തും ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിലും വോട്ടുകുറഞ്ഞതെന്തുകൊണ്ടാണെന്നും, ആർക്കാണ് ഉത്തരവാദിത്വമെന്നും പരിശോധിക്കും. പൂതനപരാമർശമല്ല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും സുധാകരൻ പറഞ്ഞു. തോൽവി അപ്രതീക്ഷിതമായിരുന്നെന്നും 35 വോട്ടിന്റെ നേരിയ ജയമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടലെന്നും സുധാകരൻ പറഞ്ഞു.
തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി.സുധാകരൻ ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |