ജില്ല എരിതീയിലേക്ക്
കൊല്ലം: ജില്ലയിലെ താപനില വീണ്ടും 39 ഡിഗ്രി പിന്നിട്ട് റെക്കാഡിലേക്ക്. 39 ഡിഗ്രി വരെ ഉയരാമെന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്രകാലാവസ്ഥ വകുപ്പ് പുറത്തുവിട്ട സാദ്ധ്യത മുന്നറിയിപ്പ്. എന്നാൽ ഇന്നലെ പുനലൂരിൽ 39.8 ഡിഗ്രി രേഖപ്പെടുത്തി.
സാധാരണ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ 10, 22 തീയതികളിലും രേഖപ്പെടുത്തിത് 39.8 ഡിഗ്രിയാണ്. ഈ വേനൽക്കാലത്തെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. കഴിഞ്ഞ 24 ന് 38.6 ഡിഗ്രി വരെ എത്തിയിരുന്നു. ഉയർന്ന മലനിരകളുള്ള ഭൂപ്രകൃതിയാണ് പുനലൂരിൽ. വായുസഞ്ചാരം പരിമിതപ്പെടുകയും ചൂട് പുറത്ത് പോകാതെ അവിടെത്തന്നെ കെട്ടി നിൽക്കുകയും ചെയ്യുന്നു. കൂടാതെ ആര്യങ്കാവ് ചുരം വഴി കിഴക്കൻ മേഖലയിലെ വരണ്ട വായുവും പുനലൂരിലേക്ക് പ്രവേശിക്കുന്നു. ഈർപ്പം നഷ്ടപ്പെട്ട ഈ കാറ്റ് പ്രദേശത്തെ താപനില വർധിപ്പിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഇന്നും ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്താമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
യോഗം വിളിച്ച് കളക്ടർ
വേനൽക്കാല പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സന്നദ്ധ സംഘടനകളുടെ യോഗം ഇന്നലെ കളക്ടറുടെ ചേമ്പറിൽ ചേർന്നു. ജനസാന്ദ്രതയുള്ള കവലകൾ, ചന്തകൾ, ഗതാഗത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തണൽ പന്തലുകൾ ഒരുക്കണം. സംഭാരം, ഒ.ആർ.എസ് ലായനി, ശുദ്ധജലം എന്നിവ വിതരണം ചെയ്യാനും മുൻകൈയെടുക്കണം. തെരുവ് കച്ചവടക്കാർ, ചുമട്ടു തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ, ഓട്ടോ, ടാക്‌സി ഡ്രൈവർമാർ, സിറ്റി ബസ് ഡ്രൈവർമാർ എന്നിവർക്ക് പ്രത്യേക സഹായങ്ങൾ ലഭ്യമാക്കണം.
പാമ്പ് കടിയിൽ ഉൾപ്പെടെ ജില്ലാ ദുരന്തനിവാരണ അതോറിട്ടി പുറത്തിറക്കുന്ന ജാഗ്രതാനിർദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടണം. ജലാശയങ്ങളിൽ ഇറങ്ങുന്ന പ്രവണത കൂടിവരുന്നത് അപകടങ്ങൾക്കും പകർച്ച വ്യാധികൾക്കും കാരണമാകുമെന്നും കളക്ടർ പറഞ്ഞു. എ.ഡി.എം ടി.കെ.വിനീത്, ജോയിന്റ് ആർ.ടി.ഒ ആർ.ശരത് ചന്ദ്രൻ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ഗാന്ധിഭവൻ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ദുരന്തനിവാരണവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |