
വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണ ശാലകളിൽ വൻ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അധികൃതരും ഉത്സവക്കമ്മിറ്റികളും പുനർവിചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചു. നിലവിലെ നിർമ്മാണ രീതിയുടെ കാലം കഴിഞ്ഞുവെന്ന് തിരിച്ചറിയണം. അതിനനുസരിച്ച് ഉറച്ച തീരുമാനമെടുക്കണം.
തൃശൂർ പൂരം നടത്തിപ്പു ചുമതലയുള്ള തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കരിമരുന്നു പ്രദർശനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ 20 വർഷമായി അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. അതിൽ 16 വർഷവും ലൈസൻസിംഗിനും പരിശോധനയ്ക്കും, പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസഷന്റെ (പെസോ) പക്ഷത്തുനിന്ന് നേതൃത്വം നൽകിയ എനിക്ക് അത് ബോദ്ധ്യമുണ്ട്. തേക്കിൻകാട് മൈതാനിയിൽ 2016ൽ അഗ്നിരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചത് എന്റെ നിർദ്ദേശപ്രകാരമായിരുന്നു. എന്നാൽ, വെടിക്കോപ്പു നിർമ്മാണ ശാലകളുടെ കാര്യത്തിൽ ഉത്സവക്കമ്മിറ്റികൾ അത്ര ജാഗ്രത കാട്ടുന്നില്ല.
കാടും മലയുമായി അതിദുർഘട പ്രദേശങ്ങളിലാണ് പലപ്പോഴും വെടിക്കെട്ടു സാമഗ്രികളുടെ നിർമ്മാണം. അപകടമുണ്ടായാൽ ഫയർ എൻജിനുകൾ എത്തുകപോലും ദുഷ്കരമാകും. മറ്റൊരു സ്ഥലം കാട്ടി ലൈസൻസെടുത്ത ശേഷം ഉത്സവദിനത്തോടനുബന്ധിച്ച് മിനുക്കു പണികൾക്കായി മറ്റിടങ്ങളിലേക്ക് മാറ്റുന്ന പ്രവണതയുമുണ്ട്. സ്ഫോടകവസ്തു ചട്ടങ്ങളാണ് ഈ വിഷയത്തിലെ ഭഗവത്ഗീത. അത് പാലിക്കാതെ മുന്നോട്ടുപോയാൽ അപകടങ്ങളുണ്ടാകും.
കേരളത്തിലെ വെടിക്കെട്ട് പ്രേമികൾക്ക് അമിട്ടുകളുടെ ശബ്ദവും വലിപ്പവും വലിയ ആവേശമാണ്. പ്രത്യേകിച്ച് തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്ക്. പെസോ മാനദണ്ഡപ്രകാരം ആറിഞ്ചു വരെ വലിപ്പമുള്ള അമിട്ടിനാണ് അനുമതിയുള്ളത്. എന്നാൽ 12-16 ഇഞ്ച് വലിപ്പമുള്ളത് ഉപയോഗിക്കുന്നതായി വിവരമുണ്ട്.
സ്ഫോടകവസ്തു നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് വെടിക്കെട്ട് സാധനങ്ങളുടെ മിശ്രിതം തയ്യാറാക്കലും ഉണക്കലും ജ്വലനക്ഷമമായ ഘട്ടങ്ങളായതിനാൽ അംഗീകൃത ലേഔട്ട് പ്രകാരം നിർമ്മിച്ച, ലൈസൻസുള്ള ഫാക്ടറി ഷെഡുകളിലാണ് നടത്തേണ്ടത്. ഓരോ ഷെഡിനും, മിശ്രിതം തയ്യാറാക്കുന്ന ശാലയ്ക്കും, ഉണക്കൽ പ്ലാറ്റ്‌ഫോമിനും നിർദ്ദിഷ്ട ദൂരപരിധി വേണം. ഷെഡുകളിൽ കുറച്ച് ആളുകളെ മാത്രമേ അനുവദിക്കാവൂ എന്നതാണ് നിയമം.
വൻ വെടിക്കെട്ട് ഡിസ്‌പ്ലേ ലൈസൻസുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ അടുത്തിടെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു കൂടി ഓർക്കണം. ലൈസൻസികൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നിശ്ചിത കാലാവധിയുള്ളവയാണ്. നിയമലംഘനങ്ങൾ നടന്നാൽ അല്ലെങ്കിൽ വ്യാജ വിവരങ്ങൾ നൽകിയാൽ ഇവ സസ്പെൻഡ് ചെയ്യാനും റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
ഫയർ വർക്സ്
പാർക്കുകൾ വേണം
വെടിക്കോപ്പ് നിർമ്മാണത്തിലും പ്രയോഗത്തിലും സുരക്ഷയും ചട്ടങ്ങളും ഉറപ്പാക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ മേഖലാതലത്തിൽ ഫയർ വർക്സ് പാർക്കുകൾ സ്ഥാപിക്കുന്നത് ഈ വ്യവസായം നിലനിൽക്കുന്നതിന് സഹായകമാകും.
കുറഞ്ഞത് 60 ഏക്കർ സ്ഥലമെങ്കിലും ഇതിന് കണ്ടെത്തണം. ഇവിടെ നാലോ അഞ്ചോ യൂണിറ്റുകൾ വീതമാകാം. ഫയർ വർക്സ് പാർക്കുകളിൽ ഫയർ ഫൈറ്റിംഗ് സംവിധാനവും ഫയർ സ്റ്റേഷനും നിർബന്ധമായും ഉണ്ടാകണം.
('പെസോ'യിലെ റിട്ട. ജോയിന്റ് ചീഫ് കൺട്രോളർ ഒഫ് എക്സ്‌പ്ലോസീവ്സ് ആണ് ലേഖകൻ. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണ കമ്മിഷനംഗവും പാറമേക്കാവ് വെടിക്കെട്ട് അപകടത്തിന്റെ (2006) അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |